ന്യൂഡല്‍ഹി : ആ ട്വീറ്റുകള്‍ ഉത്തമബോധ്യത്തോടെ ചെയ്തത്… താന്‍ മാപ്പ് പറയില്ലെന്ന ഉറച്ച നിലപാട് സ്വീകരിച്ച് അഡ്വ. പ്രശാന്ത് ഭൂഷണ്‍. കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു. ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.
ജഡ്ജിമാരെ വിമര്‍ശിച്ചതുവഴി കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷണ്‍ മാപ്പ് പറയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നല്‍കിയത്. ഭൂഷണ്‍ മാപ്പ് പറഞ്ഞാല്‍ കേസ് ചൊവ്വാഴ്ച ലിസ്റ്റ് ചെയ്യാനാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഉത്തരവിട്ടിരുന്നത്. മാപ്പ് പറഞ്ഞില്ലെങ്കില്‍ കോടതി എന്നാണ് കേസ് വീണ്ടും പരിഗണിക്കുന്നതെന്ന് വ്യക്തമല്ല. ജസ്റ്റിസ് അരുണ്‍ മിശ്ര സെപ്റ്റംബര്‍ രണ്ടിന് വിരമിക്കും.
മാപ്പ് പറയില്ലെന്ന് കഴിഞ്ഞദിവസം കോടതിയില്‍ത്തന്നെ ഭൂഷണ്‍ സൂചിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ, ശനിയാഴ്ച നടന്ന വെബിനാറില്‍ പരോക്ഷമായി ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ ഭൂഷണ് എന്തു ശിക്ഷ നല്‍കുമെന്നതിലേക്ക് സുപ്രീംകോടതി കടക്കും. ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ച് ജൂണില്‍ രണ്ട് ട്വിറ്റര്‍ പരാമര്‍ശങ്ങള്‍ നടത്തിയതിലാണ് ഭൂഷണ്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
Post Your Comments