ബെര്‍ലിന്‍ : റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയ്ക്ക് വിഷം കൊടുത്തത് തന്നെയെന്ന് ഡോക്ടര്‍. ജര്‍മനിയില്‍ അലക്സിയെ ചികിത്സിക്കുന്ന ആശുപത്രി അധികൃതരാണ് അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം ചെന്നതായി പരിശോധന ഫലങ്ങളില്‍ സൂചിപ്പിക്കുന്നു എന്ന കാര്യം വെളിപ്പെടുത്തിയത്. ‘കോളിനെസ്റ്റെറസ് ഇന്‍ഹിബിറ്റര്‍’ വിഭാഗത്തില്‍പ്പെടുന്ന ഒരു രാസപദാര്‍ത്ഥമാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ വിമര്‍ശകനായ അലക്സിയുടെ ഉള്ളിലെത്തിയതെന്ന് ബെര്‍ലിനിലെ ചാരിറ്റി ഹോസ്പിറ്റല്‍ അധികൃതര്‍ വ്യക്തമാക്കി. ശനിയാഴ്ച രാവിലെയാണ് സൈബീരിയന്‍ നഗരമായ ഓംസ്കില് നിന്നും അലക്സിയെ ജര്‍മനിയിലെത്തിച്ചത്.
അദ്ദേഹമിപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കോമയില്‍ കഴിയുകയാണ്. അലക്സിയുടെ നില ഗുരുതരമാണെങ്കിലും നിലവില്‍ ജീവന് അപകടഭീഷണിയില്ലെന്ന് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. അതേ സമയം,? അലക്സിയ്ക്ക് നല്കിയ വിഷപദാര്‍ത്ഥം ഏതാണെന്ന് കൃത്യമായി നിര്‍ണയിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞാഴ്ച സൈബീരിയയിലെ ടോംസ്ക് നഗരത്തില്‍ നിന്നും മോസ്കോയിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഒരു കപ്പ് ചായ കുടിച്ച ശേഷമാണ് 44 കാരനായ അലക്സി വിഷബാധയേറ്റ് അബോധാവസ്ഥയിലായത്. അലക്സിയെ ആദ്യം ചികിത്സിച്ച സൈബീരിയന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന് വിഷബാധയേറ്റതായുള്ള ആരോപണങ്ങള്‍ തള്ളിയിരുന്നു. എന്നാല്‍ ഈ ഡോക്ടര്‍മാരെ തങ്ങള്‍ക്ക് വിശ്വസിക്കാനാവില്ലെന്ന് അലക്സിയുടെ ഭാര്യ വെളിപ്പെടുത്തിയിരുന്നു.
Post Your Comments