Latest NewsKeralaNews

ഡിജിറ്റല്‍ സാങ്കേതികവിദ്യ : കേരള പോലീസിന് വീണ്ടും അംഗീകാരം

തിരുവനന്തപുരം • ഇക്കൊല്ലത്തെ ഡിജിറ്റല്‍ ടെക്നോളജി സഭ എക്സലന്‍സ് അവാര്‍ഡിന് കേരള പോലീസ് അര്‍ഹമായി. ആധുനിക സാങ്കേതിക വിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പോലീസിന്റെ ശ്രമങ്ങൾക്കാണ് ഈ ബഹുമതി. ഈ മാസം 25, 26, 27, 28 തീയതികളില്‍ നടക്കുന്ന ഡിജിറ്റല്‍ ടെക്നോളജി സഭ വെര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.

സോഷ്യല്‍ മീഡിയ ഇടപെടലുകള്‍, കോവിഡ് 19 ന് എതിരെയുള്ള പോലീസിന്‍റെ ഡിജിറ്റല്‍ നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഡിജിറ്റല്‍ പദ്ധതികളാണ് കേരള പോലീസിനെ അവാര്‍ഡിന് അര്‍ഹമാക്കിയത്. സൈബർ ഡോം, വ്യാജവാര്‍ത്തകള്‍ തടയുന്നതിന് സ്വീകരിച്ച നടപടികള്‍, ക്വാറന്‍റെയ്ന്‍, ഇ-പാസ്, ഇ-ഷോപ്പിംഗ്, ടെലി മെഡിസിന്‍ എന്നിവയ്ക്കായി നിര്‍മ്മിച്ച ആപ്പുകള്‍ എന്നിവ ഡിജിറ്റല്‍ മേഖലയിലെ പോലീസിന്‍റെ പ്രധാന നേട്ടങ്ങളാണ്. ലോക്ഡൗണ്‍ നടപ്പിലാക്കുന്നതിനായി ഡ്രോണ്‍ ഉപയോഗിച്ചതും കോവിഡ് 19 പ്രതിരോധത്തിനായി പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയതും പോലീസിന്‍റെ വെബ്സൈറ്റ് നവീകരിച്ചതും പോല്‍-ആപ്പ് എന്ന പുതിയ ആപ്പ് തയ്യാറാക്കിയതും പോലീസിന്‍റെ നേട്ടങ്ങളില്‍പ്പെടുന്നു. ബാസ്ക്-ഇന്‍-ദ-മാസ്ക് ക്യാംപെയിന്‍, മൊബൈല്‍ സാനിറ്റൈസേഷൻ വാഹനം, പോലീസ് ക്യാന്‍റീനുകളിലെ ഓണ്‍ലൈന്‍ സംവിധാനം, കോവിഡ് കാലത്ത് കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള സെല്ലിന്‍റെ പ്രവര്‍ത്തനം എന്നിവയും ഡിജിറ്റല്‍ മേഖലയിലെ പോലീസിന്‍റെ പ്രധാന ഇടപെടലുകള്‍ ആണ്.

ഡിജിറ്റല്‍ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കേരളാ പോലീസിന് ലഭിക്കുന്ന 23-ാമത്തെ അവാര്‍ഡാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button