തിരുവനന്തപുരം : മന്ത്രി കെ.ടി.ജലീലിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് വഴിതുറന്നത് കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ടുകള്‍ . മന്ത്രിയ്ക്കെതിരെ കുരുക്ക് മുറുകും. യുഎഇ കോണ്‍സുലേറ്റില്‍നിന്ന് സഹായം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് മന്ത്രി കെ.ടി. ജലീലിനെതിരായ കേന്ദ്രസര്‍ക്കാര്‍ അന്വേഷണത്തിന് വഴിതുറന്നത് . സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന എന്‍ഐഎയില്‍നിന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍(ഇഡി)നിന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവരം ശേഖരിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തരവകുപ്പിന് ലഭിച്ചതിനെത്തുടര്‍ന്നാണ് വിദേശകാര്യ വകുപ്പും ധനകാര്യവകുപ്പും നടപടികളിലേക്ക് തിരിഞ്ഞത്. കൂടാതെ ഒട്ടേറെ പരാതികളും കേന്ദ്രത്തിനു ലഭിച്ചിരുന്നു.
യുഎഇയില്‍നിന്ന് മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതും കേന്ദ്ര അനുമതി കൂടാതെ സഹായം സ്വീകരിച്ചതുവഴി വിദേശനാണയ വിനിമയ ചട്ടം ലംഘിച്ചിട്ടുണ്ടോയെന്നാണ് അന്വേഷണം. കേന്ദ്രാനുമതിയില്ലാതെ യുഎഇ കോണ്‍സുലേറ്റില്‍ പലവട്ടം സന്ദര്‍ശിച്ച മന്ത്രിമാരടക്കം ചിലര്‍ക്കെതിരെയും നേരത്തെ കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
അതേസമയം കാര്യങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടാനും സത്യം പുറത്തുകൊണ്ടുവരാനും ഏതന്വേഷണമായാലും സ്വാഗതം ചെയ്യുന്നതായി മന്ത്രി ജലീല്‍ പ്രതികരിച്ചു. ”ഇക്കാര്യത്തില്‍ ഒരു തെറ്റും എന്റെ ഭാഗത്ത് സംഭവിച്ചതായി ഞാന്‍ കരുതുന്നില്ല. വിശ്വാസപരമായ ഉപചാരങ്ങളൊന്നും വര്‍ത്തമാന ഇന്ത്യയില്‍ പാടില്ലെങ്കില്‍ അക്കാര്യം കേന്ദ്രസര്‍ക്കാര്‍ അറിയിക്കേണ്ടത് ബന്ധപ്പെട്ട രാജ്യങ്ങളെയാണ്. കോണ്‍സുലേറ്റ്, മസ്ജിദുകളില്‍ നല്‍കാന്‍ പറഞ്ഞ മതഗ്രന്ഥത്തിന്റെ കോപ്പികള്‍ ഭദ്രമായി മലപ്പുറത്തെ രണ്ടു സ്ഥാപനങ്ങളില്‍ ഇരിപ്പുണ്ട്.
യുഎഇ കാലങ്ങളായി ആവശ്യക്കാര്‍ക്ക് സാംസ്‌കാരികാചാരത്തിന്റെ ഭാഗമായി നല്‍കി വരാറുള്ള വേദഗ്രന്ഥങ്ങള്‍, ഇവിടെ കൊടുക്കാന്‍ പാടില്ലെന്നാണ് അധികൃതരുടെ പക്ഷമെങ്കില്‍, കസ്റ്റംസ് എടുത്തുകൊണ്ടുപോയ ഒരു കോപ്പിയൊഴികെ എല്ലാ കോപ്പികളും വേദനയോടെയാണെങ്കിലും കോണ്‍സുലേറ്റിനെ തിരിച്ചേല്‍പ്പിക്കും. എല്ലാ അന്വേഷണങ്ങളെയും സധൈര്യം നേരിടും.”- ജലീല്‍ പറഞ്ഞു.
Post Your Comments