ഹൈദരാബാദ് : 25കാരിയായ യുവതിയെ 139 പേർ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. തെലങ്കാന സ്വദേശിയായ പെൺകുട്ടിയാണ് ഹൈദരാബാദിലെ പഞ്ചഗുട്ട് പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയത്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി പറയുന്നത്. വിദ്യാർത്ഥി നേതാക്കൾ, രാഷ്ട്രീയക്കാർ, മാദ്ധ്യമപ്രവർത്തകർ, അഭിഭാഷകർ, ബിസിനസുകാർ എന്നിവരുടെ പേരുകകളും യുവതി പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭയം, ആശങ്ക, പ്രതികളിൽ നിന്നുള്ള ഭീഷണി എന്നിവയെതുടർന്നാണ് പൊലീസിൽ അറിയിക്കാൻ കാലതാമസം നേരിട്ടതെന്ന് യുവതി പറഞ്ഞതായി പൊലീസ് വ്യക്തമാക്കുന്നു.
അതേസമയം യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഐ.പി.സി വകുപ്പുകൾ ചുമത്തി കേസെടുത്തതായും 42 പേജുള്ള കുറ്റപത്രം തയ്യാറാക്കി അന്വഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. വിവാഹിതയായി ഒരു വർഷത്തിനുള്ളിൽ തന്നെ യുവതി വിവാഹമോചനം നേടിയിരുന്നു.
മിര്യാല്‍ഗുഡയിലെ ഒരാളുമായി ജൂൺ 2009 ലായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഇതിനു ശേഷമാണ് പീഡനപരമ്പര ആരംഭിച്ചതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഭർത്താവിന്‍റെ കുടുംബാംഗങ്ങളായ 20 പേരിൽ നിന്നാണ് ആദ്യമായി ലൈംഗിക പീഡനം നേരിടേണ്ടി വന്നത്. പീഡനം സഹിക്കവയ്യാതെ ആയതോടെ 2010 ഡിസംബറിൽ വിവാഹമോചനം നേടി. ഇതിന് ശേഷം തുടർ പഠനത്തിനായി മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. പിന്നീട് നിരവധി പേർ ലൈംഗികമായി ആക്രമിച്ചുവെന്നും പൊലീസിൽ അറിയിച്ചാൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നു.
Post Your Comments