തിരുവനന്തപുരം : കിളിരൂര്‍ പീഡന കേസിലെ വിഐപി , മനസ് തുറന്ന് മുന്‍ ആരോഗ്യമന്ത്രി പി.കെ.ശ്രീമതി . കിളിരൂര്‍ പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതിനെ കുറിച്ചും തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളെ കുറിച്ചും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മനസ് തുറന്നത്. തന്റെ അമ്മ അന്തരിച്ച വേളയിലാരുന്നു കേസുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവവികാസങ്ങള്‍ ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളും പ്രതിപക്ഷവും തന്നെ ‘വി.ഐ.പി’ എന്ന് സംബോധന ചെയ്തിരുന്നത് തന്റെ അച്ഛനെയും അമ്മയെയും ഏറെ വേദനിപ്പിച്ചിരുന്നു എന്നും മുന്‍ എം.പി കൂടിയായ പി.കെ ശ്രീമതി ഓര്‍ക്കുന്നു. 15 വര്‍ഷത്തിലേറെയായി താനും കുടുംബവും ഇതുകാരണം പരിഹാസവും നിന്ദയും സഹിച്ചുവെന്നും എന്നാല്‍ ഇപ്പോള്‍ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അവര്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് ചുവടെ:
‘അമ്മ ഞങ്ങളെ വിട്ടുപോയ ദിവസമാണിന്ന് . അച്ഛനേയും അമ്മയേയും ഓര്‍ക്കാത്ത ഒരു ദിവസം പോലുമുണ്ടാകാറില്ല . എന്നാല്‍ ഇന്ന് കുറേ യേറെ നേരം അമ്മയേയും അച്ഛനേയും ധ്യാനിച്ചിരുന്നുപോയി. ഇന്നു C. B. I യുടെ V. I. P വാര്‍ത്ത കേള്‍ക്കാന്‍ രണ്ടുപേരുമില്ല. ആശുപത്രിയില്‍ മരണാസന്നയായിക്കിടന്ന ഒരു പെണ്‍കുട്ടിയെ കാണാന്‍ ഞങ്ങള്‍ നാലു മഹിളാ പ്രവര്‍ത്തകര്‍ പോയ ഒറ്റ ക്കാരണത്താല്‍ എനിക്ക് ചാര്‍ത്തി കിട്ടിയ വലിയ പദവി യായിരുന്നു ‘V. I. P’ .
15 വര്‍ഷത്തിലേറെയായി ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു ഞാനുംഎന്റെകുടുംബവും .നിയമസഭയിലും പുറത്ത് വാര്‍ത്താ മാദ്ധ്യമങ്ങളിലും V. I. P പദം ഉപയോഗിച്ച് നടത്തിയ ആക്രമണവും നിന്ദയും പരിഹാസവും എന്റെ അച്ഛനമ്മമാരേയും കുടുംബത്തേയും വേദനിപ്പിച്ചതിന്റെ അളവ് നിര്‍ണ്ണയിക്കാന്‍ ആരു വിചാരിച്ചാലും സാധിക്കില്ല. ഇനി ഇതൊന്നും ഓര്‍ത്തിട്ടും പറഞ്ഞിട്ടും യാതൊരു പ്രയോജനവുമില്ല എന്നു നന്നായി അറിയാം.’
Post Your Comments