Prathikarana Vedhi

ശബരിമലയില്‍ ആരാണ് വിഐപി ?

ഹരി പത്തനാപുരം 

ശബരിമല മണ്ഡലകാലം ആരംഭിക്കാറാകുമ്പോള്‍ അടുത്ത ചില വര്‍ഷങ്ങളായി വിവാദങ്ങള്‍ ഉയരാറുണ്ട്. ഒരു ഭക്തരെ സംബന്ധിച്ച് മാനസികമായി അസ്വസ്ഥത ഉണ്ടാക്കുന്നതാണ് ഇത്തരം ചര്‍ച്ചകള്‍. മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന്‍ ശബരിമലയില്‍ നിത്യവും നട തുറക്കുന്നതിനെ പറ്റി ഒരു നിര്‍ദ്ദേശമാണ് മുന്നോട്ടു വെച്ചതെങ്കില്‍ അത് സ്വാഹതാര്‍ഹമാണ്. ഒരു ഭരണാധികാരി എല്ലാ കാഴ്ചപ്പാടുകളെ പറ്റിയും ചര്‍ച്ചയ്ക്കുള്ള വാതിലുകള്‍ തുറന്നിടുന്നത് നല്ലത് തന്നെയാണ്.

വിശ്വാസികളുടെ ഭാഗം കൂടി കേട്ട് മാത്രമേ ഇത്തരത്തിലുള്ള കാര്യത്തില്‍ തീരുമാനം എടുക്കാവൂ. മണ്ഡലകാലം ആരംഭിക്കുന്നത് കാത്തിരിക്കുന്ന ഒരു അയ്യപ്പ ഭക്തന്റെ മാനസിക അവസ്ഥ ഭക്തരല്ലാത്തവര്‍ക്ക് ഒരു പക്ഷേ മനസിലാക്കാന്‍ സാധിക്കില്ല. ഓരോ വര്‍ഷവും ശബരിമല ചവിട്ടുക എന്നത് തന്നെ ഓരോ ഭക്തരുടെയും അഭിലാഷമാണ്. നിത്യവും നട തുറന്നിരുന്നാല്‍ ആ കാത്തിരിപ്പിന്റെ മാനസിക സന്തോഷവും ആത്മനിര്‍വ്വിതിയും ഇല്ലാതാകും. ശബരിമല വിശ്വാസിയല്ലാത്ത പിണറായി വിജയന് ഇത് എത്രത്തോളം മനസ്സിലാകും എന്ന് അറിയില്ല.

മനസ്സിലാക്കിയാല്‍ നല്ലത്…

ചര്‍ച്ചകള്‍ നടക്കട്ടെ…

മറ്റൊരു വിഷയം വിഐപി സന്ദര്‍ശനം സംബന്ധിച്ചാണ്. കാശു കൊടുത്താല്‍ എന്തും സാധിക്കുന്ന പ്രവണത കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇതേവരെയില്ല. കേരളത്തിന് പുറത്തുള്ള ചില ക്ഷേത്രങ്ങളില്‍ പണം നല്‍കിയാല്‍ വിഗ്രഹത്തില്‍ തൊടാന്‍ തന്നെ സാധിക്കും എന്നും കേട്ടിട്ടുണ്ട്. കേരളത്തിലെ ചില തിരക്കുള്ള സന്ദര്‍ഭങ്ങളില്‍ പ്രത്യേക പരിഗണന പ്രധാനപ്പെട്ട ആളുകള്‍ക്ക് നല്‍കാറുണ്ട്. ശബരിമലയില്‍ മാത്രമല്ലല്ലോ ഈ പരിഗണന. റോഡിലൂടെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നു പോകുമ്പോളടക്കം ജനങ്ങള്‍ ഇത് അനുഭവിക്കാറുള്ളതാണ്.

കാശ് വാങ്ങി അതിനൊക്കെ സൗകര്യം ഒരുക്കുക എന്നത് പ്രായോഗികമല്ലല്ലോ. ആ ദിവസത്തെ അന്തിചര്‍ച്ചയില്‍ ഒരു പ്രമുഖ ചാനലിലെ അവതാരകന്റെ വിസ്താരം അതിരു കടന്നതായി എന്ന് പറയാതെ വയ്യ. വിഐപി ദര്‍ശനം എന്നത് ശബരിമലയിലെ ജീവനക്കാരും പോലീസ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങി നടത്തിച്ചു കൊടുക്കുന്നതാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തിയത്. സത്യത്തില്‍ ശബരിമലയില്‍ ക്യൂവില്‍ നില്‍ക്കാതെ തൊഴാന്‍ കഴിയുന്നവരില്‍ ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരാണ്.

മാധ്യമപ്രവര്‍ത്തകരുടെ ബന്ധുക്കളും, സുഹത്തുക്കളുമൊക്കെ ഈ സ്വാധീനം ഉപയോഗിച്ച് ക്യൂ നില്‍ക്കാതെ സന്നിധാനത്ത് കയറാറുണ്ട്. അതില്‍ എത്രപേര്‍ അവിടെ പോലീസിന് കൈക്കൂലി കൊടുത്തെന്ന് അവതാരകന്റെ സഹപ്രവര്‍ത്തകരോട് ഒന്ന് ചോദിക്കൂ. സുഹൃത്തുക്കളെന്ന പേരില്‍ ചിലര്‍ക്ക് ക്യൂ നില്‍ക്കാതെ തൊഴാന്‍ മാധ്യമപ്രവര്‍ത്തകര്‍ അവസരം ഉണ്ടാക്കാറുണ്ടല്ലോ. അതും കൈക്കൂലി വാങ്ങിച്ച് തന്നെയാണോ എന്നൊന്ന് വ്യക്തമാക്കണം. ഇത്തരം ചില ”അവതാരങ്ങള്‍” കാരണമാണ് മാന്യതയുടെ സ്ഥാനമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനവും അപഹാസ്യവും കേള്‍ക്കേണ്ടി വന്നത്. ശബരിമലയില്‍ വലിയ ക്രമക്കേടുകള്‍ നടക്കുന്നു എന്ന് സ്ഥാപിക്കാന്‍ ഈ അവതാരകന്‍ ശ്രമിക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്. ഉളുപ്പുണ്ടെങ്കില്‍ ക്യൂ നില്‍ക്കാതെ തൊഴാന്‍ ഇനി മാധ്യമപ്രവര്‍ത്തകര്‍ക്ക് ആകുമോ.

സത്യത്തില്‍ ദേവസ്വം വകുപ്പ് ഇടതു മുന്നണിക്ക് തലവേദനകള്‍ മാത്രമേ സൃഷ്ടിക്കൂ..നിങ്ങള്‍ ഭക്തി മനസ്സില്‍ മാത്രം ഒതുക്കാതിരിക്കൂ…വിശ്വാസികളുടെ ഭാഗത്ത് നിന്നും സംസാരിക്കൂ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button