പാറ്റ്‌ന : കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് ജയിലില്‍ വി.ഐ.പി പരിഗണന.
ലാലു കഴിയുന്ന റാഞ്ചി ബിര്‍സ മുണ്ട ജയിലില്‍ പ്രത്യേക പരിഗണനയാണ് അധികൃതര്‍ അനുവദിച്ചിരിക്കുന്നത്. കൊതുകു വലയോടൊപ്പം ദിവസേന ഒരു പത്രം, ടെലിവിഷന്‍, വീട്ടില്‍ നിന്നുമെത്തിക്കുന്ന ഭക്ഷണം എന്നീ സൗകര്യവുമുണ്ട്. ഒപ്പം ഭക്ഷണം സ്വയം തയ്യാറാക്കുകയും ചെയ്യാം.
മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലുവിന് മാത്രമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിഗണന നല്‍കിയിരിക്കുന്നത് എന്നാണ് ജയില്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വിധി കേട്ട ശേഷം ജയിലിലേക്ക് പോയ ലാലുവിനെ അനുഗമിച്ച് കൊണ്ട് ആര്‍.ജെ.ഡി നേതാക്കളടക്കം മറ്റൊരു വാഹനത്തില്‍ ജയില്‍ കവാടം വരെ പോയിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ ലാലുപ്രസാദ് യാദവിനെ സി.ബി.ഐ ചുമത്തിയിരിക്കുന്ന രണ്ടാമത്തെ കേസിലാണ് കഴിഞ്ഞ ദിവസം പ്രത്യേക കോടതി വിധി പറഞ്ഞത്.
ശിക്ഷ ജനുവരി മൂന്നിനാണ് പ്രഖ്യാപിക്കുന്നത്. ലാലുവിനെതിരെ ചുമത്തിയിരുന്ന ആദ്യ കേസില്‍ അഞ്ച് വര്‍ഷത്തെ ശിക്ഷ കോടതി വിധിച്ചിരുന്നു. ഇതില്‍ ജാമ്യം തേടി പുറത്തിരിക്കുമ്പോഴാണ് രണ്ടാമത്തെ കേസിലും ലാലു കുറ്റാക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
Post Your Comments