ഓള്‍ഡ് ഫോര്‍ജ്: തിരഞ്ഞെടുപ്പിലെ തന്റെ എതിർ സ്ഥാനാർഥി ജോ ബൈഡനെതിരെ : കടുത്ത വിമർശനങ്ങളുമായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് പ്രസിഡന്റായാല്‍ അമേരിക്കക്കാര്‍ക്ക് അതു ദുസ്വപ്നമായിരിക്കുമെന്നു ബൈഡന്റെ ജന്മദേശമായ പെന്‍സില്‍വാനിയയില്‍ വോട്ടര്‍മാരോടു സംസാരിക്കവെ ട്രംപ് വിമർശിച്ചു.
ബൈഡന് അമേരിക്കയിലെ തൊഴിലാളികളെ വഞ്ചിച്ചു. കഴിഞ്ഞ അര നൂറ്റാണ്ടായി അമേരിക്കയെ വില്‍ക്കാനും തൊഴിലുകള്‍ ഇല്ലാതാക്കാനും മറ്റു രാജ്യങ്ങള്‍ക്ക് അമേരിക്കയിലെ ജോലികള്‍ തീറെഴുതാനുമാണ് സമയം ചെലവഴിച്ചതെന്നും അദ്ദേഹം അധികാരത്തിലെത്തുന്നത് അമേരിക്കക്കാരുടെ ദുസ്വപ്നമാണെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിലേക്കുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിത്വം സ്വീകരിച്ചു ബൈഡന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനു തൊട്ടു മുന്‍പായിരുന്നു ട്രംപിന്റെ വിമര്‍ശനങ്ങള്‍.
കഴിഞ്ഞ ദിവസം മുൻ പ്രസിഡന്റ് ഒബാമക്കെതിരെയും ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് ആകുന്നതിനു മുന്‍പുള്ള ജീവിതം താന്‍ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഒബാമ തന്റെ ജോലി നല്ലതു പോലെ ചെയ്യാത്തതിനാലാണ് താന്‍ രാഷ്ട്രിയത്തിലേക്ക് എത്തിയതെന്നും തുടർന്ന് രാജ്യം തന്നെ പ്രസിഡന്റായി തെരഞ്ഞെടുത്തതെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായിരുന്ന സമയം ഒബാമ ജോലി നന്നായി ചെയ്തില്ല. ഞാന്‍ ഇവിടെ വരാന്‍ കാരണം ഒബാമയും ജോ ബൈഡനുമാണ്. അവര്‍ ജോലി നന്നായി ചെയ്തിരുന്നെങ്കില്‍ ഞാന്‍ ഇവിടെ കാണില്ലായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
Post Your Comments