വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഇന്ത്യൻ വംശജ കമല ഹാരിസിനെ(55) പ്രഖ്യാപിച്ചു. ട്രംപിന്റെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനെതിരേയാണ് കമല മത്സരിക്കുന്നത്. അമേരിക്കയുടെ മൂല്യങ്ങൾ സംരക്ഷിക്കുമെന്നും അമേരിക്ക തൊഴിൽ നഷ്ടത്തിന്റെയും ജീവനഷ്ടത്തിന്റെയും രാജ്യമായി. ദയയും സ്നേഹവും മനുഷ്യത്വവുമുള്ള രാഷ്ട്രം കെട്ടിപ്പടുക്കുമെന്നും കമല ഹാരിസ് പറഞ്ഞു. കലിഫോർണിയയിൽനിന്നുള്ള സെനറ്റർ ആണ് കമല. ധീരയായ പോരാളി എന്നാണു ജോ ബൈഡൻ കമലയെ വിശേഷിപ്പിച്ചത്.
ഇതാദ്യമായാണ് ഏഷ്യൻ-ആഫ്രിക്കൻ പാരന്പര്യമുള്ള ഒരു വനിത ഈ പദവിയിൽ മത്സരിക്കുന്നത്. ആഫ്രിക്കൻ വംശജർക്കെതിരെ അമേരിക്കയിൽ അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് കമലയുടെ സ്ഥാനാർഥിത്വം ഡെമോക്രാറ്റിക് പാർട്ടിക്കു ഗുണകരമാകുമെന്നാണു വിലയിരുത്തൽ. ചെന്നൈ സ്വദേശിനിയായ ഡോ. ശ്യാമള ഗോപാലൻ ആണു കമലയുടെ അമ്മ. പിതാവ് ജമൈക്കയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഡോണൾഡ് ഹാരിസ്.
അമേരിക്കയുടെ ചരിത്രത്തിൽ വനിതകൾ പ്രസിഡന്റോ വൈസ് പ്രസിഡന്റോ ആയിട്ടില്ല. 2008ൽ റിപ്പബ്ലിക് പാർട്ടിയുടെ സാറാ പെയ്ലിൻ, 1984ൽ ഡെമോക്രാറ്റിക് പാർട്ടിയുടെ ജെറാൾഡിനോ ഫെറാരോ എന്നീ വനിതകൾ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിച്ചെങ്കിലും ജയിച്ചില്ല. 2016ൽ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് പാർട്ടിയുടെ ഹില്ലരി ക്ലിന്റൺ പരാജയപ്പെട്ടു.
Post Your Comments