Latest NewsKeralaNews

വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യകമ്പനിക്ക് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയതില്‍ പ്രധാനമന്ത്രിയോട് കടുത്ത ഭാഷയില്‍ എതിര്‍പ്പറിയിച്ച് മുഖ്യമന്ത്രി. വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണനീക്കത്തോട് സംസ്ഥാനസര്‍ക്കാര്‍ സഹകരിക്കില്ല. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ പിന്തുണയും നല്‍കില്ല. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യം പോലും കണക്കിലെടുക്കാതെയാണ്. ഇത് പുനഃപരിശോധിക്കണമെന്നും കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെടുന്നു.

Read Also : തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് പോരാട്ടത്തിന്റെ വിജയമെന്ന് സോഷ്യല്‍ മീഡിയ… വികസനമില്ല, സൗകര്യമില്ല.. രണ്ട് വര്‍ഷത്തിനുള്ളില്‍ റദ്ദാക്കിയത് 1550 വിമാനസര്‍വീസുകള്‍ : ഇനി ഈ വിമാനത്താവളം കണ്ടാല്‍ കേരളം കൊതിയ്ക്കും

സംസ്ഥാനസര്‍ക്കാര്‍ മുഖ്യപങ്കാളിയായ കമ്പനിയ്ക്ക് വിമാനത്താവള നടത്തിപ്പ് നല്‍കണമെന്ന് പല തവണ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. ”2003-ല്‍ ഇത് സംസ്ഥാനസര്‍ക്കാരിന് തന്നെ നല്‍കാമെന്ന് കേന്ദ്രവ്യോമയാനമന്ത്രാലയം ഉറപ്പ് നല്‍കിയിരുന്നതാണ്. വിമാനത്താവളനടത്തിപ്പിന് എന്നെങ്കിലും ഒരു സ്വകാര്യകമ്പനിയെ പരിഗണിച്ചാല്‍ തീര്‍ച്ചയായും സംസ്ഥാനസര്‍ക്കാര്‍ ഇതില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടി കണക്കിലെടുത്തേ അന്തിമതീരുമാനമെടുക്കൂ എന്നായിരുന്നു കേന്ദ്രത്തിന്റെ ഉറപ്പ്. ഇത് താങ്കളും നേരിട്ട് എനിക്ക് ഉറപ്പു തന്ന കാര്യമാണ്”, മുഖ്യമന്ത്രി കത്തില്‍ പറയുന്നു.

വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ടെര്‍മിനല്‍ പണിയാനായി സംസ്ഥാനസര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സൗജന്യമായി 23.57 ഏക്കര്‍ ഭൂമി വിട്ടു നല്‍കിയിരുന്നു. വിമാനത്താവളനടത്തിപ്പിനായി പ്രത്യേക കമ്പനി രൂപീകരിക്കുമ്പോള്‍, ഈ ഭൂമിയുടെ വില സര്‍ക്കാര്‍ ഓഹരിയായി കമ്പനിയില്‍ ഉണ്ടാകുമെന്ന ഉറപ്പിലായിരുന്നു ഇത്.

2018 ഡിസംബര്‍ 4-ന് നടന്ന നിതി ആയോഗ് യോഗത്തില്‍ ഇത്രയധികം ഭൂമി ഏറ്റെടുത്തതില്‍ സംസ്ഥാനസര്‍ക്കാരിന് വന്ന ചെലവ് സര്‍ക്കാര്‍ വിശദമായി ചൂണ്ടിക്കാട്ടിയിരുന്നതാണ്. ഒപ്പം സംസ്ഥാനസര്‍ക്കാരിന് കൊച്ചിയിലും കണ്ണൂരിലും രണ്ട് വിമാനത്താവളങ്ങള്‍ നടത്തി പരിചയമുണ്ടെന്ന വസ്തുതയും അതേയോഗത്തില്‍ ഉന്നയിച്ചതാണ്. ഇപ്പോള്‍ നടത്തിപ്പ് കരാര്‍ ലഭിച്ച സ്വകാര്യകമ്പനിക്ക് ആ പ്രവൃത്തിപരിചയമില്ല. തിരുവനന്തപുരം വിമാനത്താവളം പിപിപി മോഡലില്‍ പ്രവൃത്തിക്കണമെന്ന ശുപാര്‍ശ പിന്‍വലിക്കണമെന്നും, നിലവില്‍ കരാര്‍ തുക ഏറ്റവും കൂടുതല്‍ നല്‍കിയ കമ്പനിയ്ക്ക് തുല്യമായ തുക സംസ്ഥാനസര്‍ക്കാര്‍ തരാന്‍ തയ്യാറാണെങ്കില്‍ ഇത് സര്‍ക്കാരിന് തന്നെ നല്‍കണമെന്നും ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതൊന്നും പരിഗണിക്കപ്പെട്ടില്ല.

ജൂണ്‍ 10-ന് അയച്ച കത്തിലും ഈ ആവശ്യം ഞാന്‍ വീണ്ടും ഉന്നയിച്ചതാണ്. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ചുള്ള കേസ് നിലനില്‍ക്കുമ്പോള്‍പ്പോലും ഇത് പരിഗണിക്കാതെ ഈ തീരുമാനമെടുത്തത് ശരിയല്ലെന്നും കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button