തിരുവനന്തപുരം: ആര്‍സിസിയില്‍ പുതുതായി സ്ഥാപിച്ച അത്യാധുനിക ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍ എന്ന റേഡിയോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. സഹകരണ, ടൂറിസം വകുപ്പ് കടകംപള്ളി സുരേന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കോവിഡ് കാലത്തും കാന്‍സര്‍ രോഗികള്‍ക്ക് മികച്ച സൗകര്യങ്ങളൊരുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. തിരുവനന്തപുരം ആര്‍.സി.സി.യില്‍ കേരളത്തിന്റെ നാനാഭാഗത്ത് നിന്നും തമിഴ്‌നാട്ടില്‍ നിന്നും നിരവധിപേര്‍ ചികിത്സ തേടുന്നുണ്ട്. കോവിഡ് കാലത്ത് അവരെ അധികദൂരം യാത്ര ചെയ്യിക്കാതെ തൊട്ടടുത്ത പ്രദേശങ്ങളില്‍ തന്നെ കാന്‍സര്‍ ചികിത്സാ സൗകര്യമൊരുക്കി. കന്യാകുമാരി ഉള്‍പ്പെടെ 23 സ്ഥലങ്ങളിലാണ് കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളാരംഭിച്ചത്. ഇതൊടൊപ്പം ഈ കാലയളവില്‍ ഈ സ്ഥലങ്ങളിലുള്ള കാന്‍സര്‍ രോഗികള്‍ക്ക് മരുന്ന് വാങ്ങാനും ബുദ്ധിമുട്ടായിരുന്നു. ആരോഗ്യ വകുപ്പിന്റേയും പോലീസിന്റേയും ഫയര്‍ഫോഴ്‌സിന്റേയും സേവനത്തിലൂടെ ഇത് മറികടന്നെന്നും മന്ത്രി വ്യക്തമാക്കി.
കാന്‍സര്‍ ചികിത്സയ്ക്കും നിയന്ത്രണത്തിനുമായി സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കാന്‍സര്‍ പ്രതിരോധ, ചികിത്സാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ സംസ്ഥാനത്ത് പുതുതായി കാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു. തിരുവനന്തപുരം ആര്‍.സി.സി., കൊല്ലം പ്രാരംഭ കാന്‍സര്‍ നിര്‍ണയ കേന്ദ്രം, മലബാര്‍ കാന്‍സര്‍ സെന്റര്‍ എന്നീ കേന്ദ്രങ്ങളിലൂടെ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ നിയന്ത്രണ നയരേഖ രൂപീകരിച്ചു. ഇതോടൊപ്പം കാന്‍സര്‍ രജിസ്ട്രിയും തയ്യാറാക്കി വരുന്നു. കൊച്ചി കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മെഡിക്കല്‍ കോളേജുകള്‍ക്ക് പുറമേ കാന്‍സര്‍ ചികിത്സ ജില്ലാ തലത്തില്‍ കൂടി വ്യാപിപ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
കാന്‍സര്‍ ചികിത്സയ്ക്ക് വളരെയേറെ സഹായിക്കുന്നതാണ് ഉദ്ഘാടനം നിര്‍വഹിച്ച ഹൈ എനര്‍ജി ലീനിയര്‍ ആക്‌സിലറേറ്റര്‍. പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് 14.54 കോടി രൂപ ചെലവില്‍ ആണ് ഈ മെഷീന്‍ സ്ഥാപിച്ചിരിക്കുന്നത്. വിവിധ തരം കാന്‍സറുകളെ ചികിത്‌സിക്കാന്‍ ആവശ്യമായ വ്യത്യസ്ത ഫ്രീക്വന്‍സിയുള്ള എക്‌സ്‌റേയും ഇലക്‌ട്രോണ്‍ ബീമും കൃത്യതയോടെ ഉപയോഗിക്കാന്‍ കഴിയും എന്നതാണ് ഈ ഉപകരണത്തിന്റെ പ്രത്യേകത. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുമ്പോള്‍ തന്നെ സമീപസ്ഥമായ ആരോഗ്യമുള്ള ശരീര കലകള്‍ക്കും മറ്റ് സുപ്രധാന അവയവങ്ങള്‍ക്കും റേഡിയേഷന്‍ ഏല്‍ക്കാതെ സംരക്ഷിക്കാനുള്ള സംവിധാനവും ഈ യൂണിറ്റില്‍ ഉണ്ട്. പാര്‍ശ്വഫലങ്ങള്‍ പരമാവധി കുറച്ച് അതീവ കൃത്യതയോടെയുള്ള ചികിത്സ വളരെ വേഗത്തില്‍ നടത്താന്‍ കഴിയുന്നു എന്നതാണ് ഇതിന്റെ നേട്ടം.
പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റിന് സോഫ്റ്റ് വെയര്‍ തകരാര്‍ ഉണ്ടായാല്‍ സര്‍വീസ് എഞ്ചിനീയര്‍ക്ക് വിദേശത്ത് ഇരുന്ന് കൊണ്ട് തന്നെ പരിഹരിക്കാന്‍ കഴിയും എന്നൊരു പ്രത്യേകത കൂടി ഉണ്ട്. മെഷീന് സ്വാഭാവികമായി ഉണ്ടാകാവുന്ന തകരാറുകള്‍ മൂലം രോഗികള്‍ക്ക് ദീര്‍ഘകാലം ചികിത്സ മുടങ്ങാതിരിക്കാന്‍ ഈ സൗകര്യം അത്യന്തം പ്രയോജനപ്രദമാണ്. ഉന്നത ഗുണനിലവാരമുള്ള റേഡിയേഷന്‍ ചികിത്സയ്ക്കുള്ള ഈ ഉപകരണം കമ്മീഷന്‍ ചെയ്യുന്നതോടെ ചികിത്സക്ക് വേണ്ടിയുള്ള രോഗികളുടെ കാത്തിരിപ്പ് ഗണ്യമായി കുറയ്ക്കാന്‍ കഴിയും.
പുതിയ ഉപകരണത്തിന്റെ വീഡിയോ പ്രദര്‍ശനവും ഇതോടൊപ്പം നടന്നു.
ആര്‍.സി.സി. ഡയറക്ടര്‍ ഡോ. രേഖ എ നായര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എ. സജീദ് കൃതജ്ഞത രേഖപ്പെടുത്തി.
Post Your Comments