തിരുവനന്തപുരം : ക്രൈംബ്രാഞ്ചിന് എതിരെ പുതിയ മാര്‍ഗരേഖയിറക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ , ഏതെങ്കിലും കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം വരണമെങ്കില്‍ പൊലീസ് മേധാവിയോ സര്‍ക്കാരോ കോടതിയോ ഉത്തരവിടണമെന്ന് മാര്‍ഗരേഖയിലെ നിര്‍ദേശം.
സ്വമേധയാ കേസ് എടുക്കാനുള്ള ക്രൈംബ്രാഞ്ച് അധികാരം ഒഴിവാക്കിക്കൊണ്ടാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. ഇന്നലെയാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. പുതുതായി പുറത്തിറങ്ങിയ പുതിയ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം ക്രൈംബ്രാഞ്ച് സംഘത്തിനു നേരിട്ട് കേസ് എടുക്കാന്‍ കഴിയില്ല. ഒരു കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കണമെങ്കില്‍ അതിനു ഒന്നുകില്‍ പൊലീസ് മേധാവിയുടെതോ സര്‍ക്കാരിന്റെയോ കോടതിയുടെയോ നിര്‍ദ്ദേശം വേണം.
ക്രൈം ബ്രാഞ്ച് പൊലീസ് സ്റ്റേഷനായി വിജ്ഞാപനം ചെയ്തിട്ടുള്ളതാണ്. അതിനാല്‍ സിആര്‍പിസി പ്രകാരം പൊലീസ് സ്റ്റേഷന്‍ എന്ന നിലയില്‍ ക്രൈംബ്രാഞ്ചിനു നേരിട്ട് കേസ് രജിസ്റ്റര്‍ ചെയ്യാം. നിലവിലെ ഈ അധികാരമാണ് പുതിയ ഉത്തരവിലൂടെ എടുത്ത് കളഞ്ഞിരിക്കുന്നത്. കേസുകളില്‍ പ്രാഥമിക അന്വേഷണം നടത്തി, വിശദമായ അന്വേഷണം ആവശ്യമാണെങ്കില്‍ ക്രൈം ബ്രാഞ്ച് കേസ് നടത്തുകയാണ് ചെയ്യുന്നത്.
സോളാര്‍ കേസ് ഇത്തരത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തിയ കേസായിരുന്നു. ഇനി ഈ രീതിയില്‍ കേസ് വന്നാലും മുകളില്‍ നിന്നുള്ള അനുമതിക്കായി ക്രൈംബ്രാഞ്ച് സംഘത്തിനു കാത്തിരിക്കേണ്ടി വരും. പൊലീസ് കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ഉടന്‍ ക്രൈം ബ്രാഞ്ചിന് കൈമാറണം. അഞ്ച് കോടി രൂപയ്ക്ക് മുകളിലുള്ള സാമ്ബത്തിക തട്ടിപ്പ് കേസുകളും ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കേണ്ടത്. 30 ദിവസത്തിനകം തെളിയാത്ത കൊലപാതക കേസും ആയുധങ്ങള്‍ കൈവശം വച്ച കേസും മോഷണ കേസും ക്രൈം ബ്രാഞ്ചിന് കൈമാറണമെന്നും ഉത്തരവിലുണ്ട്.
Post Your Comments