അഞ്ജു പാര്‍വതി പ്രഭീഷ്
മൺവീടുകളുടെ തമ്പുരാന്‍ ! അങ്ങനെ സംബോധനചെയ്യാൻ പാകത്തിനു ഒരൊറ്റ ആർക്കിടെക്റ്റു മാത്രമേ നിലവിൽ ഇന്ത്യയിലുള്ളൂ- അതാണ് ആർക്കിടെക്ട് ശങ്കർ. പത്മശ്രീ നേടിയ ദക്ഷിണേന്ത്യയിലെ ആദ്യ ആർക്കിടെക്ട്! ലോകത്തിന്റെ പലയിടങ്ങളിലും ലക്ഷക്കണക്കിനു വീടുകൾ നിർമിച്ച ശിൽപി!
വിശേഷണങ്ങൾക്കതീതമായൊരു വ്യക്തിയാണ് ഇന്നലെ പ്രാരാബ്ദപ്പട്ടിക നിരത്തി കണ്ഠമിടറി സർക്കാരിൽ നിന്നും കിട്ടേണ്ടതായ പൈസ കിട്ടാതായതിന്റെ വേവലാതിയും ആവലാതിയും നിരത്തി സംസാരിച്ചത്. ഓരോ ഫയലിലും ഓരോ ജീവിതമുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമർശം അടക്കം ഉന്നയിച്ച് താൻ നേരിടുന്ന അതിഭയങ്കരമായ സാമ്പത്തികപരാധീനതയെ കുറിച്ച് വാചാലനായത്.
ആദ്യമായി ഞാൻ അദ്ദേഹത്തെ കാണുന്നത് പൂജപ്പുരയിലെ ഹാബിറ്റാറ്റ് ഓഫീസിൽ വച്ചാണ്. ഞാൻ പഠിപ്പിച്ചിരുന്ന സന്ദീപനി സ്കൂളിലെ ഒരു ചടങ്ങിൽ വിശിഷ്ടഅതിഥിയായി വരാമോയെന്ന അഭ്യർത്ഥനയുമായി സഹാദ്ധ്യാപികയായ ദീപയ്ക്കൊപ്പം ചെന്നതായിരുന്നു അവിടെ. ഐക്യരാഷ്ട്രസഭയിലെ ഉപദേശകസമിതി അംഗത്വം പോലുള്ള ഉന്നതപദവികളോ പത്മശ്രീയോ ജോലിത്തിരക്കുകളോ നല്കുന്ന അഹംബോധമില്ലാതെ ചിരിച്ചുകൊണ്ട് സംസാരിച്ച പച്ചയായ മനുഷ്യൻ. ഇന്ത്യയിലെ ആദ്യത്തെ ഭൂകമ്പപ്രതിരോധ കെട്ടിടം കൊല്ലത്ത് ആലുങ്കടവത്ത് ഉദ്ഘാടനം ചെയ്തപ്പോൾ അതു വഴി ഹാബിറ്റാറ്റിനു ലഭിച്ച അന്താരാഷ്ട്രപ്രശസ്തിയെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്നു.
ആരാണ് ആർക്കിടെക്ടർ ശങ്കർ? എന്താണ് ഹാബിറ്റാറ്റ്? ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാത്ത രണ്ട് പരസ്പരപൂരകങ്ങളായ പേരുകളാണ് ഹാബിറ്റാറ്റും ശങ്കറും! അശരണര്‍ക്ക് ചുരുങ്ങിയ ചെലവില്‍ പരിസ്ഥിതിസൌഹൃദ പാര്‍പ്പിടമൊരുക്കാനുള്ള ദൌത്യം ഏറ്റെടുത്ത് മുപ്പതുവര്‍ഷം മുമ്പ് തിരുവനന്തപുരത്ത് പൂജപ്പുരയിൽ തുടങ്ങിയ സ്ഥാപനം- ഹാബിറ്റാറ്റ്! ഒരു മുറിയില്‍ ഒരാളില്‍നിന്ന് തുടങ്ങിയ സ്ഥാപനം പിന്നീട് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഭവനനിര്‍മാണപ്രസ്ഥാനമായി മാറിയത് ചരിത്രം. ഒന്നരലക്ഷത്തോളം കെട്ടിടങ്ങള്‍, അഞ്ചുലക്ഷത്തോളം ചെറുവീടുകളുടെ യൂണിറ്റുകള്‍. നാല്‍പ്പതിനായിരത്തിലേറെ തൊഴിലാളികള്‍. നാനൂറോളം വാസ്തുശില്‍പ്പികളും എന്‍ജിനിയര്‍മാരും. ഐക്യരാഷ്ട്രസഭയുടേത് അടക്കം അന്തര്‍ദേശീയ അംഗീകാരം.
ഹാബിറ്റാറ്റിന്റെ വളര്‍ച്ച സാമ്പ്രദായിക കെട്ടിടനിര്‍മാതാക്കളെയും കോണ്‍ട്രാക്ടര്‍മാരെയും ഏറെ വിറളി പിടിപ്പിച്ചിട്ടുണ്ട്. സിമന്റും കമ്പിയും കൊണ്ടല്ല മനുഷ്യസ്നേഹം കൊണ്ടാണ് ജനകീയ വാസ്തുശില്‍പ്പി ജി ശങ്കര്‍ വീടൊരുക്കിയത്. സന്നദ്ധസേവനരംഗത്ത് കെട്ടിടനിര്‍മാണകേന്ദ്രം എന്ന നിലയില്‍ 80കളുടെ അവസാനംമുതലാണ് ഹാബിറ്റാറ്റ് സജീവമാകുന്നത്. പരിസ്ഥിതിയോടു സൗഹൃദമുള്ള, ചെലവുകുറഞ്ഞ, ഊർജം സംഭരിക്കുന്ന വീടുകൾ പ്രചരിപ്പിക്കുകയായിരുന്നു ലക്ഷ്യം. വാക്കും പ്രവൃത്തിയും തമ്മിൽ അന്തരമുണ്ടാകരുത് എന്ന് 2018 ൽ മാത്രം പണികഴിപ്പിച്ച സ്വന്തം വീടായ സിദ്ധാർസ്ഥയിലൂടെ അടിവരയിട്ട ശങ്കർ.
ഭോപാലിലെ വാതകദുരന്തവും സുനാമിയും ഹാബിറ്റാറ്റിന് പുതിയ സേവനമേഖല തുറന്നിട്ടു. പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന പാര്‍പ്പിടസമുച്ചയങ്ങളുടെ നിര്‍മാണം എന്ന വലിയ ദൗത്യം. ഭോപ്പാൽ കഴിഞ്ഞ് ഒഡിഷയില്‍, ഗുജറാത്തിലെ ലത്തൂരില്‍, ഉത്തരകാശിയില്‍, ഉത്തരാഖണ്ഡില്‍, ഇന്തോനേഷ്യയില്‍, തായ്ലന്‍ഡില്‍, മാലിദ്വീപില്‍- അങ്ങനെ എത്ര പ്രകൃതിദുരന്ത ഇരകളുടെ പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ ഹാബിറ്റാറ്റ് പങ്കാളിയായി. 1990കളുടെ അവസാനം ഒഡിഷയില്‍ സൂപ്പര്‍സൈക്ളോണ്‍ കടന്നുപോയി. ചുഴലിക്കാറ്റിന്റെ താണ്ഡവത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നെങ്കിലും പാരദ്വീപിന് സമീപം ഹാബിറ്റാറ്റ് നിര്‍മിച്ച മെഡിക്കല്‍ കോളേജിന് ഒന്നും സംഭവിച്ചില്ല. പിന്നീട് ഒഡിഷതീരത്ത് ഭ്രാന്തന്‍കാറ്റ് വരുംവഴിയില്‍ സ്കൂളുകളും കോളേജുകളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളുമായി ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ഹാബിറ്റാറ്റ് ഒരുക്കി.
ലോകത്തിലെ ഏറ്റവും വലിയ പുനരധിവാസപദ്ധതി ഹാബിറ്റാറ്റ് ഏറ്റെടുത്തിട്ടുണ്ട്. അതാണ് ശ്രീലങ്കയില്‍ 95,000 പേര്‍ക്കായുള്ള പാര്‍പ്പിട പദ്ധതി. യുഎന്നിന്റെ പലസ്തീന്‍, നേപ്പാള്‍ പുനരധിവാസപ്രവര്‍ത്തനങ്ങളിലും പങ്കാളിയായി. ബംഗ്ളാദേശിലെ ധാക്കയില്‍ പണിത മണ്‍കെട്ടിടം വര്‍ത്തമാനലോകത്തിലെ ഏറ്റവുംവലിയ മണ്‍നിര്‍മിതിയാണ്. ആ ശില്പിയാണ് സര്‍ക്കാരില്‍ നിന്നും 12 കോടിയലധികം രൂപയുടെ കുടിശ്ശിക കിട്ടാനുണ്ടെന്നു അതീവവിഷമത്തോടെ രംഗത്ത് വന്നിരിക്കുന്നത്. തന്റെ ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ കഴിയാത്ത അവസ്ഥയിൽ അവർ ആത്‍മഹത്യ മുനമ്പിൽ നില്ക്കുന്നുവെന്ന് വിലപിക്കുന്നത്.
പ്രിയപ്പെട്ട മുഖ്യമന്ത്രി,താങ്കൾ തിരുവനന്തപുരത്ത് ജഗതി ഡിപി െഎ ജംക്‌ഷനിൽ വരെയൊന്ന് പോകണം.അവിടെ
പൊലീസ് ഗസ്റ്റ് ഹൗസ് കോംപൗണ്ടിൽ ഒരു സെന്റിൽ 23 ദിവസംകൊണ്ട് ശങ്കറിന്റെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഗ്രൂപ്പ് പൂർത്തിയാക്കിയ ഒരു വീടുണ്ട്.
500 ചതുരശ്രയടിയുള്ള ഈ വീടിന് ചെലവ് 5.5 ലക്ഷം മാത്രം. സംസ്ഥാന പൊലീസിനു വേണ്ടി നിർമിച്ച ഈ കെട്ടിടം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനുള്ള മാതൃക എന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.
Post Your Comments