തിരുവനന്തപുരം: വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് കേരള കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കു തുടക്കമായി. തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ ഭാഗമായി മൺമറഞ്ഞ വിഖ്യാത കാർട്ടൂണിസ്റ്റുകളുടെ 75-ഓളം കാർട്ടൂണുകൾ ഉൾപ്പെടുത്തി വിപുലമായ കാർട്ടൂൺ പ്രദർശനവും അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ചിട്ടുണ്ട്.
കാർട്ടൂണിനെ കൂടുതൽ ജനകീയവത്കരിക്കാനും കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണമെന്ന് ശിൽപ്പശാല ഉദ്ഘാടനം ചെയ്തു ചീഫ് സെക്രട്ടറി പറഞ്ഞു. തമാശയിലൂടെ സത്യം വിളിച്ചുപറയുന്ന കലാരൂപമാണു കാർട്ടൂൺ. സത്യം കാണാനും തമാശയുടെ രൂപത്തിലാകുമ്പോൾ അതുകണ്ടു ചിരിക്കാനുമുള്ള കഴിവ് മലയാളിക്കു സ്വായത്തമാണ്. ഇതുകൊണ്ടുതന്നെയാണു കാർട്ടൂണിനു കേരളത്തിൽ ഇത്രയേറെ വേരൂന്നാനായത്. എങ്കിലും അടുത്ത കാലത്തായി ഇതിനു മങ്ങലേറ്റിട്ടുണ്ടോയെന്നു സംശയമുണ്ടെന്നും കാർട്ടൂണിനെ കൂടുതൽ ജനകീയമാക്കി ഇതു പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ ജ്യോതിലാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കാർട്ടൂണിസ്റ്റുകളായ സുകുമാർ, പി.വി കൃഷ്ണൻ എന്നിവരെ ചീഫ് സെക്രട്ടറി ആദരിച്ചു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, റീഡേഴ്സ് ഡൈജസ്റ്റ് മുൻ എഡിറ്റർ ഇൻ ചീഫ് മോഹൻ ശിവാനന്ദ്, പ്രശസ്ത കാർട്ടൂണിസ്റ്റുകളായ ശേഖർ ഗുരേര, മൃത്യുഞ്ജയ് ചിലവേരു, കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
കോവളം സാഗര ഹോട്ടലിലാണ് രണ്ടു ദിവസത്തെ ശിൽപ്പശാല നടക്കുന്നത്. ഇന്നലെ രണ്ടു സെഷനുകളിലായി നടന്ന ശിൽപ്പശാലയിൽ ഹിസ്റ്ററി ഓഫ് കാർട്ടൂൺ എന്ന വിഷയത്തിൽ സുധീർ നാഥ്, മോഹൻ ശിവാനന്ദ് എന്നിവരും ‘മീറ്റ് ദ ജിപ്സി കാരിക്കേച്ചറിസ്റ്റ്’ എന്ന സെഷനിൽ ബി. സജീവും ക്ലാസെടുത്തു.
നാളെ രാവിലെ 10ന് ‘കാർട്ടൂൺ സ്ട്രോക്സ് ഓഫ് സൗത്ത് ഇന്ത്യ’ എന്ന വിഷത്തിൽ മൃത്യുഞ്ജയ് ചിലവേരു ക്ലാസെടുക്കും. തുടർന്നു ‘കാർട്ടൂൺ സ്ട്രോക്സ് ഓഫ് നോർത്ത് ഇന്ത്യ’ എന്ന വിഷയത്തിൽ ശേഖർ ഗുരേരയും ഡിജിറ്റൽ ഡ്രോയിങ്ങിൽ കെ.ആർ. രതീഷ്, ജ്യോതിഷ് എന്നിവരും സെഷനുകൾ നയിക്കും. ഉച്ചയ്ക്ക് രണ്ടു മുതൽ 3.30 വരെ കാർട്ടൂൺ – ശങ്കർ മുതൽ ഇന്നു വരെ എന്ന വിഷയത്തിൽ ഗ്രൂപ്പ് ഡിസ്‌കഷൻ നടക്കും. കേരള കാർട്ടൂൺ അക്കാദമി ചെയർമാൻ കെ. ഉണ്ണിക്കൃഷ്ണൻ ചർച്ച നയിക്കും.
ലൈവ് കാർട്ടൂൺ വര, ഡിജിറ്റൽ കാർട്ടൂൺ വര എന്നിവയും ഒരുക്കിയിട്ടുണ്ട്.
Post Your Comments