ചെന്നൈ: സിനിമാ പ്രേമികളെ നടുക്കിയ തമിഴ് ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ചിത്രീകരണസ്ഥലത്ത് ഉണ്ടായ അപകടത്തെക്കുറിച്ച് സംവിധായകൻ ഷങ്കറിന്റെ ആദ്യ പ്രതികരണം പുറത്ത്. അപകടം നടന്ന് ഒരാഴ്ചയ്ക്ക് ശേഷം ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്തുകൊണ്ടാണ് ഇത്രയും ദിവസം ഈ വിഷയത്തില്‍ പ്രതികരണമൊന്നും നടത്താതിരുന്നതെന്നും അദ്ദേഹത്തിന്റെ ട്വീറ്റില്‍നിന്ന് വ്യക്തമാകുന്നുണ്ട്.
‘അടക്കാനാവാത്ത ദു:ഖത്തോടെയാണ് ഈ ട്വീറ്റ്. എന്റെ അസിസ്റ്റന്റിനെയും ക്രൂവിനെയും നഷ്ടപ്പെട്ട ആ ദുരന്തത്തിന് ശേഷം ഒരു ഞെട്ടലിലായിരുന്നു ഞാന്‍. ഉറക്കമില്ലാത്ത രാത്രികളാണ് കടന്നുപോയത്. തലനാരിഴയ്ക്കാണ് ആ ക്രെയിനില്‍നിന്ന് അന്ന് ഞാന്‍ രക്ഷപെട്ടത്. ക്രെയിന്‍ എന്റെ മേല്‍ പതിക്കുകയായിരുന്നു ഇതിലും ഭേദമെന്ന് പിന്നീട് തോന്നി. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഹൃദയത്തില്‍ തൊട്ടുള്ള അനുശോചനവും പ്രാര്‍ഥനകളും അറിയിക്കുന്നു’, ഷങ്കര്‍ കുറിച്ചു.
ഇന്ത്യൻ 2 വിന്റെ ചെന്നൈ പൂനമല്ലിയിലെ ലൊക്കേഷനില്‍ നടന്ന അപകടത്തില്‍ രണ്ട് സഹസംവിധായകരടക്കം മൂന്നുപേരാണ് മരിച്ചത്. പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചിത്രീകരണത്തിന് ഉപയോഗിക്കാനിരുന്ന ക്രെയിന്‍ പൊട്ടിവീണാണ് അപകടമുണ്ടായത്.
സിനിമയിൽ നായകനായി അഭിനയിക്കുന്ന കമല്‍ഹാസന്‍ ആശുപത്രിയിലെത്തുകയും പിന്നാലെ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ഒരു കോടി വീതം സഹായധനം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. മരണത്തിന്റെ നഷ്ടം നികത്താന്‍ ഒരു സഹായധനത്തിനും ആവില്ലെന്നും മരണപ്പെട്ട മൂന്ന് ചലച്ചിത്ര പ്രവര്‍ത്തകരുടെയും സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും കമല്‍ ഹാസന്‍ നേരത്തേ പറഞ്ഞിരുന്നു.
It is with utmost grief, I’m tweeting.Since the tragic incident,I’ve been in a state of shock & having sleepless nights on the loss of my AD & crew.Having missed the crane by a whisker,I feel it would’ve been better if it was on me. Heartfelt condolences & prayers to the families
— Shankar Shanmugham (@shankarshanmugh) February 26, 2020
Post Your Comments