ന്യൂഡൽഹി : കോവിഡ് ഭേദമായാലും ആരോഗ്യ പ്രശ്നങ്ങൾ തുടരുമെന്നും ജാഗ്രത പുലര്‍ത്തണമെന്ന് നീതി ആയോഗ്. കോവിഡ് രോഗമുക്തരായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ പറഞ്ഞു.
കോവിഡ് രോഗവുമായി ബന്ധപ്പെട്ട പുതിയ സാഹചര്യം ആരോഗ്യവിദഗ്ധരും ശാസ്ത്രസമൂഹവും ഗൗരവമായി നിരീക്ഷിച്ചുവരികയാണ്. കോവിഡ് രോഗം ഭേദമായവരില്‍ ചിലര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാം. ശ്വാസതടസ്സവും അണുബാധയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അപകടകരമായ സ്ഥിതിയല്ലെന്നും വി.കെ പോള്‍ വ്യക്തമാക്കി.
പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ചിലരിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ശ്വാസതടസ്സവും അണുബാധയും പലർക്കും അനുഭവപ്പെടുന്നുണ്ട്. ഇതിനുള്ള മുൻകരുതൽ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് മൂന്നു കമ്പനികളുടെ കൊവിഡ് പ്രതിരോധ മരുന്നുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് വി.കെ പോൾ അറിയിച്ചു. ഒരു കമ്പനിയുടെ പരീക്ഷണം വരും ദിവസങ്ങളിൽ മൂന്നാം ഘട്ടത്തിലേക്ക് കടക്കുമെന്നും അദ്ദേഹം പറഞ്ഞു.മരുന്നുകളുടെ മൂന്നാംഘട്ട പരീക്ഷണം നീണ്ട പ്രക്രിയയാണ്. കൊവിഡ് രോഗം വേറൊരു തലത്തിലേക്ക് കടക്കുകയാണ്. ആരോഗ്യ ശാസ്ത്ര വിദഗ്ധർ ഇതെക്കുറിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. വളരെക്കാലത്തിനു ശേഷവും ഇതിന്റെ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്ന് നാം മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments