COVID 19Latest NewsKeralaNews

ചട്ടങ്ങള്‍ മറി കടന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തി അധ്യാപകരെ നിയമിക്കാന്‍ നീക്കം

80 കോടി രൂപയുടെ അധിക ചെലവാണ്

തിരുവനന്തപുരം: ചട്ടങ്ങള്‍ മറി കടന്ന് കേരളത്തിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തി അധ്യാപകരെ നിയമിക്കാന്‍ നീക്കം. കൊറോണയുടെ പശ്ചാത്തലത്തില്‍ അധ്യയന വര്‍ഷം പോലും ആരംഭിക്കാതെ നടത്തുന്ന നിയമനത്തിലൂടെ 80 കോടി രൂപയുടെ അധിക ചെലവാണ് സര്‍ക്കാരിന് ഉണ്ടാകുക. ഓണ്‍ലൈന്‍ അഭിമുഖം നടത്തുന്നതിന് ചട്ടങ്ങള്‍ നിലവിലില്ലാതു കൊണ്ട് നിയമനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര മാനവ വിഭവ ശേഷിമന്ത്രാലയം രാജ്യത്തെ വിവിധ വൈസ് ചാന്‍സലര്‍മാര്‍ക്ക് കത്തയച്ചു.

സര്‍ക്കാര്‍- എയ്ഡഡ് കോളേജുകളിലെ രണ്ടായിരത്തോളം അധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച സര്‍ക്കാര്‍, സര്‍വകലാശാലകളില്‍ കൊറോണയുടെ മറവില്‍ ഓണ്‍ലൈനിലൂടെ സെലക്ഷന്‍ കമ്മിറ്റി വിളിച്ചുകൂട്ടിയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. സര്‍വകലാശാലകളിലെ അധ്യാപക നിയമനത്തിന് ഓണ്‍ലൈന്‍ അഭിമുഖം നടത്താന്‍ നിയമ വ്യവസ്ഥയില്ല. വ്യക്തമായ ചട്ടങ്ങള്‍ ഉണ്ടാക്കാതെ ഇത്തരം കൂടിക്കാഴ്ചകള്‍ നടത്തി അധ്യാപക നിയമനങ്ങള്‍ നടത്തരുതെന്നു ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര മാനവിഭവ ശേഷി മന്ത്രാലയം വൈസ് ചാന്‍സലര്‍ മാര്‍ക്ക് കത്തു നല്‍കിയത്.

കേരളത്തിലെ വിവിധ സര്‍വകലാശാലകളിലായി 380 ഒഴിവുകളാണുള്ളത്. ഇതില്‍ കണ്ണൂര്‍ സര്‍വകലാശാല 6 നിയമനങ്ങളും കുസാറ്റില്‍ 4 നിയമനങ്ങളും ഓണ്‍ലൈന്‍ ആയി നടത്തിക്കഴിഞ്ഞു. ചട്ടങ്ങള്‍ അട്ടിമറിച്ചു മറ്റ് സര്‍വകലാശാലകളും ഓണ്‍ലൈന്‍ മാതൃക തുടരാനുള്ള നടപടികളാണ് ആരംഭിച്ചിരിക്കുന്നത്. അതേസമയം അധ്യാപക നിയമനങ്ങള്‍ നിര്‍ത്തി വെക്കണം എന്നു ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

കൊറോണ കാലത്ത് ഓണ്‍ലൈനിലൂടെയുള്ള പഠനമായതുകൊണ്ട് അധ്യാപകരുടെ ജോലിഭാരം കുറവായതിനാല്‍ അധ്യാപക നിയമനങ്ങള്‍ക്ക് അനിവാര്യതയില്ല. നിലവിലെ 380 നിയമനകളിലൂടെ 80 കോടി രൂപയുടെ അധിക ചെലവാണ് സര്‍ക്കാരിന് ഉണ്ടാകുക. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശമനുസരിച്ച് തിരക്കുപിടിച്ച് സര്‍വ്വകലാശാലകള്‍ നടത്തുന്ന ചട്ടവിരുദ്ധമായ ഓണ്‍ലൈന്‍ നിയമനങ്ങളില്‍ വ്യാപകമായ സ്വജനപക്ഷപാതത്തിനും ക്രമക്കേടിനും സാധ്യതയുണ്ടെന്നും ആക്ഷേപമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button