Latest NewsKeralaNews

സ്വന്തക്കാര്‍ക്ക് പിൻവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ പിഎസ് സി ലിസ്റ്റ് ,ഉമ്മന്‍ ചാണ്ടി

മൂന്നു വര്‍ഷം പൂര്‍ത്തിയായ പിഎസ് സി റാങ്ക് ലിസ്റ്റുകള്‍ റദ്ദുചെയ്യാന്‍ കാണിച്ച ധൈര്യം പുതിയ ലിസ്റ്റ് ഉണ്ടാക്കാന്‍ നാലേകാല്‍ വര്‍ഷത്തിനിടയില്‍ ഇടതുസര്‍ക്കാര്‍ കാട്ടിയില്ലെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സ്വന്തക്കാര്‍ക്ക് പുറംവാതില്‍ നിയമനവും കരാര്‍ നിയമനവും നടത്താനാണ് പുതിയ ലിസ്റ്റ് ഉണ്ടാക്കാതിരുന്നത്.

മൂന്നുവര്‍ഷം കാലാവധിയുള്ള പിഎസ്‌സി ലിസ്റ്റ് നാലര വര്‍ഷം നീട്ടിയ ചരിത്രമാണ് യുഡിഎഫ് സര്‍ക്കാരിനുള്ളത്. പകരം ലിസ്റ്റ് വരുന്നതുവരെയോ അല്ലെങ്കില്‍ നാലരവര്‍ഷമോ എന്നതായിരിന്നു യുഡിഎഫ് നയം. ഇടതു സര്‍ക്കാര്‍ ഈ നയം തന്നെ തുടരേണ്ട ഗുരുതരമായ സാഹചര്യം നിലവിലുണ്ട്. കോവിഡ് മൂലം നിയമനം നടത്താതെ കഴിഞ്ഞ രണ്ടര മാസംകൊണ്ട് ഇരുനൂറില്‍പ്പരം ലിസ്റ്റുകളാണ് റദ്ദായത്. ഇതില്‍ കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് ഏറ്റവുമധികം ആവശ്യമായ സേവനം നടത്താന്‍ കഴിയുന്ന അസിസ്റ്റന്റ് സര്‍ജന്‍, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ തുടങ്ങിയ ലിസ്റ്റുകളുണ്ട്. ഇനിയൊരു പുതിയ ലിസ്റ്റ് വന്ന് നിയമനം നടത്താന്‍ ഏറെ കാലതാമസം ഉണ്ടാകും. നഴ്‌സുമാരുടെ ലിസ്റ്റ് ഉണ്ടെങ്കിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല.

കോവിഡ് പ്രതിസന്ധി മൂലം എല്‍ഡിസി, ഓഫീസ് അറ്റന്‍ഡന്റ്, ഡ്രൈവര്‍ തുടങ്ങി പതിനായിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനം കിട്ടുന്ന നിരവധി ലിസ്റ്റുകളിലും വേക്കന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നില്ല. ഒരു വര്‍ഷംകൊണ്ടാണ് പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീര്‍ന്നത്.യുഡിഎഫ് സര്‍ക്കാര്‍ ആശ്രിതനിയമനത്തിലും വികലാംഗനിയമനത്തിലും കുടിശിക നികത്താന്‍ സൂപ്പര്‍ ന്യൂമറി പോസ്റ്റ് സൃഷ്ടിച്ചാണ് നിയമനം നടത്തിയത്. അതുകൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവരെ ഇതു ബാധിച്ചില്ല. കെഎസ്ആര്‍ടിസിയില്‍ പിഎസ്സി വഴി 9300 കണ്ടക്ടര്‍മാരെ നിയമിച്ചപ്പോള്‍ എംപാനലിലുള്ള പതിനായിരത്തില്‍പ്പരം പേര്‍ക്ക് ്‌നിയമനം നല്കി. അധ്യാപക പാക്കേജിലും പതിനായിരത്തിലധികം അധ്യാപകര്‍ക്ക് നിയമനം നല്കി. 5 വര്‍ഷത്തിനിടയില്‍ 11 തവണയാണ് പിഎസ്സി ലിസ്റ്റ് നീട്ടിയത്. സര്‍ക്കാരിന് ഇച്ഛാശക്തിയുണ്ടെങ്കില്‍ നിയമപരമായ രീതിയില്‍ തന്നെ പിഎസ്‌സി ലിസ്റ്റിലുള്ളവരെ സഹായിക്കാന്‍ സാധിക്കും

ഇടതു സര്‍ക്കാരിന്റെ കാലത്ത് 3 വര്‍ഷ കാലാവധിയില്‍ ഉറച്ചുനില്‍ക്കുകയും പകരം ലിസ്റ്റ് വരാതിരിക്കുകയും ചെയ്തതുകൊണ്ട് അനേകായിരങ്ങള്‍ക്കാണ് അവരുടേതല്ലാത്ത കുറ്റംകൊണ്ട് പിഎസ്സി നിയമനം നിഷേധിച്ചത്.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പിഎസ്സി ലിസ്റ്റ് നിലനിന്നതിനാല്‍ പിന്‍വാതില്‍ നിയമനം ഒഴിവാക്കാന്‍ സാധിച്ചു. 45 ലക്ഷത്തോളം തൊഴില്‍രഹിതരായ യുവാക്കളുടെ കഠിനാധ്വാനവും സ്വപ്‌നവും തല്ലിക്കെടുത്തുന്ന ഇടതുസര്‍ക്കാര്‍ തങ്ങളുടെ നയം പുനര്‍വിചിന്തനം ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button