കാസര്‍കോട് : കാസര്‍കോഡ് ബളാലില്‍ സഹോദരിയെ ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ സംഭവം, അന്വേഷണം ആല്‍ബിന്റെ സുഹൃത്തുക്കളിലേയ്ക്കും. കോഴിക്കോട്ടുള്ള കാമുകിയടക്കം നിരവധിപേര്‍ ആല്‍ബിന്റെ സൗഹൃദവലയത്തിലുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
ഫെയ്‌സ്ബുക്ക് വഴിയാണ് കോഴിക്കോട് സ്വദേശിയും അകന്ന ബന്ധുവുമായ പെണ്‍കുട്ടിയുമായി ആല്‍ബിന്‍ കൂടുതല്‍ അടുത്തത്. എന്നാല്‍ ആല്‍ബിന്റെ സ്വഭാവദൂഷ്യം കാരണം അടുത്തിടെയായി അകലം പാലിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഇത്തരമൊരു കൃത്യം നടത്തുന്നതിനെക്കുറിച്ചോ മറ്റു വിവരങ്ങളോ തനിക്കറിയില്ലെന്നും ഇവര്‍ പോലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.
കുടുംബാംഗങ്ങളെയെല്ലാം കൊലപ്പെടുത്തി സ്വത്ത് കൈക്കലാക്കി സുഖമായി ജീവിക്കുക എന്നതായിരുന്നു ആല്‍ബിന്റെ ലക്ഷ്യം. അതിനാല്‍ ഏതെങ്കിലും സുഹൃത്തുക്കള്‍ക്ക് കൃത്യത്തില്‍ പങ്കുണ്ടോ എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും നിരവധി പേരുമായി ആല്‍ബിന്‍ സൗഹൃദം സൂക്ഷിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തല്‍.
എലിവിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് അവശനിലയിലായ ആല്‍ബിന്റെ സഹോദരി ആന്‍മേരി(16) ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയില്‍വെച്ച് മരിച്ചത്. ഇതേ ഐസ്‌ക്രീം കഴിച്ച പിതാവ് ബെന്നി ഇപ്പോഴും ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണ് പുതിയ വിവരം.
Post Your Comments