തിരുവനന്തപുരം : കൈറ്റ് വിക്ടേഴ്‌സ്ചാനലിൽ സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്‌ബെൽ’ ക്ലാസുകളിൽ പ്രിയനടൻ മോഹൻലാലും പങ്കെടുക്കുന്നു. പത്താം ക്ലാസ് ഇംഗ്ലീഷ് ക്ലാസിലാണ് ശബ്ദ സന്ദേശത്തിലൂടെ മോഹൻലാൽ കുട്ടികളുടെ മുന്നിൽ എത്തുന്നത്. മൃഗങ്ങൾ കഥാപാത്രമായി വരുന്ന സിനിമകളെക്കുറിച്ച് ചർച്ച ചെയ്യുന്ന സത്യജിത്ത് റേയുടെ ‘പ്രൊജക്റ്റ് ടൈഗർ’ എന്ന പാഠഭാഗവുമായി ബന്ധപ്പെട്ടാണ് താരം കുട്ടികൾക്ക് മുന്നിൽ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നത്.
ഹോളിവുഡ് ചലച്ചിത്രമേഖല മൃഗങ്ങളോടൊപ്പം അഭിനയിക്കുന്നവർക്ക് നൽകുന്ന ബഹുമാനം, സത്യജിത്ത് റേ തന്റെ ‘ഗൂപി ഗൈനേ ബാഗാ ബൈനേ എന്ന’ ചിത്രം പുലികളെ ഉപയോഗിച്ച് ചിത്രീകരിക്കേണ്ടി വന്നപ്പോൾ നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകൾ എന്നിവയാണ് ‘പ്രൊജക്ട് ടൈഗർ’ എന്ന പാഠഭാഗത്തിലൂടെ ചർച്ച ചെയ്യുന്നത്.
തന്റെ അഭിനയ ജീവിതത്തിൽ മൃഗങ്ങളുമൊത്തുള്ള അഭിനയം എങ്ങനെയായിരുന്നു എന്നും ഇന്ത്യൻ സിനിമകളിൽ മൃഗങ്ങൾ അഭിനയിച്ച ചലച്ചിത്രങ്ങളെക്കുറിച്ചും അവ കഥാപാത്രങ്ങളായി മാറുമ്പോൾ ഉണ്ടാകുന്ന അപകട സാധ്യതകളെക്കുറിച്ചും അദ്ദേഹം വിശദീകരിക്കുന്നു. മൂന്ന് എപ്പിസോഡുകളിലായിട്ടാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. ആദ്യ എപ്പിസോഡിന്റെ സംപ്രേഷണം 17 തിങ്കളാഴ്ച ഉച്ചക്ക് 12 ന്.
Post Your Comments