തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് രോഗികള്‍ വര്‍ധിക്കുന്നു. ഇന്ന് മാത്രം 298 പേരില്‍ നടത്തിയ പരിശോധനയില്‍ 145 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 144 തടവുകാരും ഒരു ഉദ്യോഗസ്ഥനുമാണ് രോഗബാധയെന്നാണ് വിവരം. ഇതുവരെ 363 പേര്‍ക്കാണ് പൂജപ്പുര ജയിലില്‍ രോഗബാധ സ്ഥിരീകരിച്ചത്.
അതേസമയം 900ല്‍ അധികം അന്തേവാസികളുള്ള ജയിലില്‍ നാളെയോടെ പരിശോധന പൂര്‍ത്തിയാക്കാനാണ് ആരോഗ്യവകുപ്പിന്റെയും ജയില്‍ അധികൃതരുടേയും തീരുമാനം. പ്രായമേറിയവരും രോഗപ്രതിരോധ ശേഷിയും കുറഞ്ഞവരാണ് കൂടുതല്‍ അന്തേവാസികളുമെന്നതിനാല്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. ഇന്ന് ഒരു മരണവും സെന്‍ട്രല്‍ ജയിലിലെ തടവുകാരില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ജയിലില്‍ ആദ്യം രോഗബാധ സ്ഥിരീകരിച്ച വിചാരണതടവുകാരനായ യതിരാജ് എന്ന മണികണ്ഠന്‍ (72) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.
Post Your Comments