ചെന്നൈ : സ്ഥിരമായി അശ്ലീല വീഡിയോ അയച്ചും ഫോൺ വിളിച്ചും ശല്യം ചെയ്ത യുവാവിനെ യുവതിയും ബന്ധുക്കളും ചേർന്ന് തേൻ കെണിയൊരുക്കി പിടികൂടി. ചെന്നൈയിലെ അരുമ്പാക്കത്ത് ബുധനാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.
ഓൺലൈൻ ഷോപ്പിംഗ് സൈറ്റിന്റെ ഡെലിവറി ഏജന്റായി പ്രവർത്തിക്കുന്ന വിമൽ രാജ് (29) ആണ് യുവതിയുടെയും ബന്ധുക്കളുടെയും പിടിയിലായത്. പൊലീസിന് കൈമാറിയ ഇയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഭർത്താവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്ന് ഏതാനും മാസങ്ങളായി സ്വന്തം മാതാപിതാക്കൾക്കൊപ്പം താമസിക്കുന്ന യുവതിയുടെ ഫോണിലേക്കാണ് ഇയാളുടെ നിരന്തരം വിളിയെത്തിയത്.
ശല്യം തുടർന്നപ്പോൾ യുവതി നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും മറ്റു ഫോൺ നമ്പരുകളിൽ നിന്നും ഇയാൾ വിളി തുടരുകയും അശ്ലീല വീഡിയോകൾ അയയ്ക്കുകയും ചെയ്തു. ഓഗസ്റ്റ് നാലിനാണ് ആദ്യ വിളിയെത്തിയത്. ഇനി വിളിക്കരുതെന്ന് ആവശ്യപ്പെട്ടെങ്കിലും എട്ടിന് യുവതിയുടെ വാട്സാപ് നമ്പരിലേക്ക് അശ്ലീല വീഡിയോകൾ അയച്ചു. ഇതേത്തുടർന്ന് യുവതി ഇക്കാര്യം മാതാപിതാക്കളെ അറിയിക്കുകയും ഞരമ്പു രോഗിയെ പിടികൂടാൻ തീരുമാനിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി യുവാവിനെ യുവതി വീട്ടിലേക്ക് ക്ഷണിച്ചു.
രാത്രി എത്തണമെന്നും നമുക്ക് സംസാരിച്ച് ഇരിക്കാമെന്നുമായിരുന്നു യുവതിയുടെ സന്ദേശം. ഇതേത്തുടർന്നാണ് യുവാവ് യുവതിയുടെ വീട്ടിലെത്തിയത്. മുറിയിൽ കയറിയ ഉടൻ തന്നെ ഇയാളെ യുവതിയുടെ ബന്ധുക്കൾ പിടികൂടുകയായിരുന്നു. തുടർന്ന് ഇയാളെ മാറിമാറി കൈകാര്യം ചെയ്ത യുവതിയും ബന്ധുക്കളും ഒടുവിൽ പ്രതിയെ പൊലീസിന് കൈമാറി. ചോദ്യം നടത്തിയ ചോദ്യം ചെയ്യലിൽ താൻ തിരുട്ടാനി സ്വദേശിയാണെന്നാണ് വിമൽരാജ് പൊലീസിനോട് പറഞ്ഞു.
യാദൃശ്ചികമായി ഫോൺ നമ്പരിൽ വിളിച്ചപ്പോൾ സ്ത്രീയാണെന്നും മനസിലാക്കിയാണ് വീണ്ടും വിളിച്ചതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.എന്നാൽ യുവാവിനെ ഉപയോഗിച്ച് തനിക്കെതിരെ ഭർത്താവ് നടത്തിയ നാടകമാണെന്ന സംശയവും യുവതി ഉന്നയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭാർത്താവിനെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി.
Post Your Comments