ന്യൂഡല്‍ഹി : കേന്ദ്ര പ്രത്യക്ഷ നികുതി വകുപ്പിന്റെ(സിബിഡിടി) ‘ട്രാന്‍സ്പരന്റ് ടാക്‌സേഷന്‍-ഓണറിംഗ് ദ ഓണെസ്റ്റ്’ എന്ന പ്ലാറ്റ്ഫോം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ‘സുതാര്യ നികുതിപരിവ്-സത്യസന്ധരെ ആദരിക്കല്‍’ എന്ന പ്ലാറ്റ്ഫോം നിലവില്‍ വരുന്നതോടെ ഈ രംഗത്ത് കൂടുതല്‍ പരിഷ്‌കരണം നടപ്പാവുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കൃത്യമായി നികുതി നല്‍കുന്നവരെ സഹായിക്കാനുള്ള പ്ലാറ്റ്‌ഫോമാണ് തയ്യാറാക്കിയിട്ടുള്ളത്. നികുതി നടപടിക്രമങ്ങള്‍ ലളിതമായി ആര്‍ക്കും നല്‍കാവുന്നതരത്തില്‍ പരിഷ്‌കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഫേസ് ലെസ് ഇ-അസസ്‌മെന്റും ഇതോടൊപ്പം നിലവില്‍വന്നു. ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെയുള്ള സംവിധാനംമാണിത്. നിലവില്‍ അതാത് ജില്ലകിളിലുള്ള ഉദ്യോഗസ്ഥരെയാണ് ഇതിന് നിയോഗിച്ചിരുന്നത്. ഇതൊഴിവാക്കി പൂര്‍ണമായും കംപ്യൂട്ടര്‍ അല്‍ഗൊരിതം ഉപയോഗിച്ചായിരിക്കും പ്രവര്‍ത്തനം. ഫേസ് ലെസ് അപ്പീല്‍ സംവിധാനം സെപ്റ്റംബര്‍ 25ഓടെ നിലവില്‍വരും.
നികുതി വകുപ്പില്‍നിന്നുള്ള ഔദ്യോഗികസന്ദേശങ്ങള്‍ക്ക് കംപ്യൂട്ടര്‍വഴിയുള്ള പ്രത്യേക തിരിച്ചറിയല്‍ നമ്പറുകള്‍ ഏര്‍പ്പെടുത്തി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിബിഡിടി നിരവധി പ്രധാന നികുതി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോര്‍പ്പറേറ്റ് നികുതി നിരക്കുകള്‍ 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായും പുതിയ ഉത്പ്പാദന യൂണിറ്റുകളുടെ നികുതി നിരക്ക് 15 ശതമാനമായും കുറച്ചിരുന്നു. വിഹിത വിതരണ നികുതി ഒഴിവാക്കുകയും ചെയ്തു.
ആശയവിനിമയ സംവിധാനത്തിന് കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനായി ആവിഷ്‌കരിച്ച ഡോക്യുമെന്റ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍- ഡിന്‍ സംവിധാനം, ആദായ നികുതി വകുപ്പില്‍ അവശേഷിക്കുന്ന നികുതി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് ആവിഷ്‌കരിച്ച ‘വിവാദ് സെ വിശ്വാസ് 2020’ എന്നിങ്ങനെ ആദായ നികുതി വകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സുതാര്യത ഉറപ്പു വരുത്തുന്നതിനും സിബിഡിടി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു. മന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, അനുരാഗ് ഠാക്കൂര്‍, ആദായനികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ചേംബര്‍ ഓഫ് കൊമേഴ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ സംഘടന, പ്രമുഖ അഭിഭാഷകര്‍ തുടങ്ങിയവര്‍ വീഡിയോ വഴിയുള്ള ഉദ്ഘാടന സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
Post Your Comments