പാലക്കാട്: സി-ആപ്റ്റ് വഴി കെ.ടി ജലീൽ കടത്തിയത് സ്വർണ്ണക്കിറ്റ് തന്നെയാണെന്ന ബിജെപിയുടെ ആരോപണം തെളിഞ്ഞുവരുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സി-ആപ്റ്റ് വഴി കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന ഇടപാടുകളുടെ വിശദാംശങ്ങൾ കസ്റ്റംസ് സംസ്ഥാന പ്രോട്ടോകോൾ ഓഫീസറോട് ആവശ്യപ്പെട്ടു കഴിഞ്ഞു. രാജ്യത്ത് കേട്ടുകേൾവിയില്ലാത്ത കാര്യം നടന്നിട്ടും മുഖ്യമന്ത്രി എന്താണ് മിണ്ടാത്തതെന്ന് മനസിലാവുന്നില്ല. ജലീൽ രാജിവെക്കാൻ ഇതിലും കൂടുതൽ എന്ത് കാരണമാണ് വേണ്ടതെന്നും പാലക്കാട് ജില്ലാ വെർച്ച്വൽ റാലി ഉദ്ഘാടനം ചെയ്ത് അദ്ദേഹം ചോദിച്ചു. ഇനി കെടി ജലീൽ പറയും പോലെ ഖുറാനാണ് കടത്തിയതെങ്കിൽ വിദേശത്ത് നിന്നും മതഗ്രന്ഥങ്ങൾ ഇറക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. രാജ്യത്തിൻ്റെ നിയമങ്ങൾ ലംഘിച്ച ജലീൽ അപ്പോഴും രാജിവെക്കേണ്ടതുണ്ട്. കേരളത്തിൽ ഖുറാൻ സുലഭമായി ലഭിക്കുമെന്നിരിക്കെ വിദേശത്ത് നിന്നും കടത്തിയത് ഖുറാനല്ലെന്ന് പച്ചപരമാർത്ഥമാണ്. കൈവെട്ട് കേസിൽ ഉൾപ്പെട്ടിട്ടുള്ള മതതീവ്രവാദികൾ വരെയുള്ളവരുമായുള്ള ജലീലിൻ്റെ ലിങ്കാണ് സി-ആപ്റ്റിൽ നിന്നും കിറ്റ് മൂവാറ്റുപുഴയിലും എടപ്പാളിലും എത്താൻ കാരണം. കേരളത്തിൽ സ്വർണ്ണക്കടത്ത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇന്ത്യയുമായി അടുത്ത ബന്ധമുള്ള യു.എ.ഇയെ ഇതിലേക്ക് വലിച്ചിഴച്ചത് സംസ്ഥാന സർക്കാർ ചെയ്ത പൊറുക്കാനാവാത്ത തെറ്റാണ്.
മുഖ്യമന്ത്രിയുടെ വകുപ്പുകളിലെല്ലാം സ്വപ്നയ്ക്ക് അഴിമതി നടത്താൻ സാധിച്ചത് അദ്ദേഹവുമായുള്ള അടുത്ത ബന്ധം കാരണമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. വടക്കാഞ്ചേരിയിൽ ലൈഫിൻ്റെ ഫ്ലാറ്റ് സമുച്ചയം പണിയുന്നതിന് സ്വപ്നയും തൻ്റെ പ്രിൻസിപ്പൽ സെക്രട്ടറിയും ഒരു കോടി കമ്മീഷൻ വാങ്ങിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കരാറുകാരൻ സ്വപ്ന കമ്മീഷൻ വാങ്ങിയെന്ന് പറഞ്ഞ സ്ഥിതിക്ക് പാവപ്പെട്ടവരുടെ പിച്ചച്ചട്ടിയിൽ കയ്യിട്ട് വാരിയവർക്ക് കൂട്ടുനിന്ന പിണറായി വിജയൻ രാജിവെച്ചേ തീരൂ. ലൈഫിന് പണം നൽകിയ വിദേശ സംഘടനയായ റെഡ്ക്രെസൻ്റിൻ്റെ ചിലർ മുഖ്യമന്ത്രിയുടെ അടുപ്പക്കാരാണ്.
കൊവിഡ് പ്രതിരോധത്തിൽ കേരളം പൂർണ്ണമായും പരാജയപ്പെട്ടെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. രാജമലയിൽ ഒരു ഗ്രാമം തന്നെ ഒലിച്ചുപോയിട്ടും പുറംലോകം അറിഞ്ഞത് 10 മണിക്കൂർ കഴിഞ്ഞാണെന്നത് സംസ്ഥാനത്തിന് നാണക്കേടാണെന്ന് സുരേന്ദ്രൻ കൂട്ടിച്ചേർത്തു. റാലിയിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ദേശീയ കൗൺസിൽ അംഗം എം.ശിവരാജൻ എന്നിവർ സംസാരിച്ചു.
Post Your Comments