Latest NewsNewsIndia

ബെംഗളൂരുവില്‍ എംഎല്‍എയുടെ വീടിനു നേരെ കല്ലെറും തീവയ്പ്പും ; പൊലീസ് വെടിവയ്പ്പില്‍ രണ്ടു പേര്‍ മരിച്ചു, അറുപതോളം പേര്‍ക്ക് പരുക്ക്

ബെംഗളൂരു : പുലികേശി നഗര്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേരെ കലാപം. എംഎല്‍എയുടെ ബന്ധു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കാര്‍ട്ടൂണ്‍ ഇസ്ലാമിനും അതിന്റെ വിശ്വാസങ്ങള്‍ക്കും വിരുദ്ധമാണെന്ന പേരിലാണ് രാത്രി 8 മണിയോടെ കല്ലേറും പരക്കെ തീവയ്പ്പും ഉണ്ടായത്. തുടര്‍ന്നുണ്ടായ പൊലീസ് വെടിവയ്പില്‍ 2 പേര്‍ മരിച്ചു. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ക്ക് പരുക്കേറ്റു.

രാത്രി 8 മണിയോടെ എംഎല്‍എയുടെ കാവല്‍ബൈരസന്ദ്രയിലെ വീടിനു നേര്‍ക്ക് കല്ലേറു നടത്തിയ അക്രമികള്‍ തുടര്‍ന്ന് കാവല്‍ബൈരസന്ദ്ര, ഭാരതിനഗര്‍, താനറി റോഡ് എന്നിവിടങ്ങളിലായി പതിനഞ്ചിലേറെ വാഹനങ്ങള്‍ക്കു തീവച്ചു. ബെംഗളൂരു നഗരപരിധിയില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. സിറ്റി പൊലീസ് കമ്മിഷണര്‍ കമാല്‍ പാന്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

സംഭവം നടക്കുമ്പോള്‍ താന്‍ വീട്ടിലുണ്ടായിരുന്നില്ലെന്ന് ശ്രീനിവാസ് മൂര്‍ത്തിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മിനിറ്റുകള്‍ക്ക് ശേഷം, സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് എംഎല്‍എ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

ഞാന്‍ എന്റെ മുസ്ലീം സഹോദരങ്ങളോട് ഒരു അഭ്യര്‍ത്ഥന നടത്തുന്നു. അക്രമാസക്തരാകേണ്ട ആവശ്യമില്ല. കുറ്റവാളികള്‍ക്കെതിരെ ശരിയായ നിയമനടപടി ആരംഭിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. സമാധാനവും ഐക്യവും നിലനിര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു, ഇതിനായി ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടായിരിക്കും, അദ്ദേഹം പറഞ്ഞു.

കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോംമൈ പറഞ്ഞു. സാഹചര്യം എന്തുതന്നെയായാലും ഞങ്ങള്‍ ഇക്കാര്യം വിശദമായി അന്വേഷിക്കും. എന്നിരുന്നാലും, നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് പരിഹാരമല്ല. കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്. സാഹചര്യം കൈകാര്യം ചെയ്യാന്‍ പോലീസുകാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. കുറ്റവാളികള്‍ എത്ര ശക്തരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. എന്നാല്‍ പൗരന്മാര്‍ നിയമം കൈയിലെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണം, മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം കലാപം നടന്ന് മിനിറ്റുകള്‍ക്ക് ശേഷം, ജാമിയത്ത് ഉലമ-ഇ-ഹിന്ദിലെ മുഫ്തി പി എം മുസാമില്‍, മതനേതാവ്, അക്രമത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാളെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യും. അയാള്‍ ശിക്ഷിക്കപ്പെടും. നിങ്ങള്‍ എല്ലാവരും നിങ്ങളുടെ വികാരങ്ങള്‍ നിയന്ത്രണത്തിലാക്കണമെന്നാണ് എന്റെ അഭ്യര്‍ത്ഥന, ”അദ്ദേഹം പറഞ്ഞു.

എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോയെന്ന് പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button