തിരുവനന്തപുരം : കരിപ്പൂര്‍ ദുരന്തസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്ക് സല്യൂട്ട് നല്‍കുന്ന ഒരു പോലീസുകാരന്റെ ചിത്രം സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. എന്നാൽ ആദരവ് അർപ്പിച്ച പൊലീസുകാരനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന. ക്വാറന്റീനിൽ കഴിയുന്ന രക്ഷാപ്രവർത്തകർക്ക് അവിടെ എത്തിയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ ആദരസൂചകമായി സല്യൂട്ട് അടിച്ചത്. ഇത് ഔദ്യോഗിക അനുമതി ഇല്ലാതെയാണെന്ന് തെളിഞ്ഞതോടെയാണ് നടപടിയെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചന നൽകുന്നത്.
സ്വന്തം ജീവൻ പോലും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ നാട്ടുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവരാണ് അഭിനന്ദിച്ചത്. ഇതിനു പിന്നാലെയാണ് രക്ഷാപ്രവർത്തകരെ ക്വാറന്റീൻ കേന്ദ്രത്തിൽ പോയി കേരള പൊലീസ് സല്യൂട്ടടിച്ച് ആദരവ് പ്രകടിപ്പിക്കുന്നുവെന്ന കുറിപ്പോടെ ചിത്രം പ്രചരിച്ചത്.
ചിത്രം വ്യാജമാകുമെന്നായിരുന്നു പൊലീസ് ആദ്യം കരുതിയത്. എന്നാൽ അന്വേഷണം നടത്തിയതോടെ ഉദ്യോഗസ്ഥനെ കണ്ടെത്തി. സംഭവത്തിൽ പ്രാദേശിക സ്റ്റേഷനിൽനിന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം നിരവധി പേര്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയെ അനുമോദിച്ച് രംഗത്തെത്തിയിരുന്നു. സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ നിരവധി ചലച്ചിത്ര താരങ്ങള്‍ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചിരുന്നു.
Post Your Comments