അയോദ്ധ്യയിലെ രാമക്ഷേത്ര പുനര്‍നിര്‍മ്മാണത്തിന്റെ ഭാഗമായി നടന്ന ഭൂമി പൂജയുടെ പ്രസാദം ദളിത് കുടുംബത്തിന് കൈമാറി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ മഹാവീര്‍ കുടുംബത്തിനാണ് യോഗി പ്രസാദം ആദ്യം കൈമാറിയിരിക്കുന്നത്. ലഡ്ഡു, രാമചരിതം, തുളസിമാല എന്നിവയടങ്ങിയതാണ് പ്രസാദം.ദളിത് കുടുംബത്തിന് പ്രസാദം കൈമാറിയ വിവരം യോഗി ആദിത്യനാഥിന്റെ മാദ്ധ്യമ ഉപദേഷ്ടാവാണ് അറിയിച്ചത്.
ഭൂമി പൂജയുടെ ആദ്യ പ്രസാദം മുഖ്യമന്ത്രി മഹാവീര്‍ ദളിത് കുടുംബത്തിന് കൈമാറിയതായി മാദ്ധ്യമ ഉപദേഷ്ടാവ് ശലഭ് മണി വ്യക്തമാക്കി.അയോദ്ധ്യയിലെ സുതാദി പ്രദേശത്ത് താമസിച്ചുവരുന്ന ദളിത് കുടുംബമാണ് മഹാവീര്‍ കുടുംബം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് മഹാവീര്‍ കുടുംബത്തിലെ തലവന്‍ യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് മഹാവീര്‍ കുടുംബം ഒരുക്കിയ വിരുന്നിലും യോഗി ആദിത്യനാഥ് പങ്കെടുത്തിരുന്നു.
ഭൂമി പൂജയുടെ പ്രസാദം ആദ്യം കൈമാറിയ മുഖ്യമന്ത്രി യോഗിയ്ക്ക് നന്ദി അറിയിക്കുന്നതായി മഹാവീര്‍ കുടുംബ തലവന്‍ പറഞ്ഞു. രണ്ട് സന്തോഷങ്ങളാണ് തങ്ങള്‍ക്കിപ്പോള്‍ ഉള്ളത്. ആദ്യത്തേത് രാമക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണമെന്ന് ആഗ്രഹം യാഥാര്‍ത്ഥ്യമായിരിക്കുന്നു. രണ്ടാമത്തേത് ഭൂമി പൂജയുടെ ആദ്യ പ്രസാദം ലഭിക്കുന്നു. സംസ്ഥാനത്തെ ജാതി വിവേചനം ഇതിലൂടെ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരും എല്ലാവരുടെയും നന്മയും വികസനവുമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments