KeralaLatest NewsNews

കരിപ്പൂര്‍ വിമാനപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ ; അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ഡി.ജി.സി.എ

കരിപ്പൂര്‍ വിമാനപകടം രണ്ടാം ലാന്‍ഡിങ് ശ്രമത്തിലെന്ന് ഡി.ജി.സി.എ.. അപകടത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടു. ആദ്യ ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടശേഷം പൈലറ്റ് വീണ്ടും ലാന്‍ഡിങ്ങിന് ശ്രമിച്ചു. രണ്ടാം ലാന്‍ഡിങ് ശ്രമത്തില്‍ വിമാനത്തിന്റെ ടയറുകള്‍ ലോക്ക് ആയെന്നും വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ കനത്ത മഴയുണ്ടായിരുന്നുവെന്നും ഡി.ജി.സി.എ. വിശദീകരിച്ചു. ആകാശത്ത് നിരവധി തവണ വലംവെച്ച ശേഷമാണ് വിമാനം റണ്‍വേയിലേക്ക് ഇറങ്ങിയതെന്നാണ് വിവരം. ദുബായ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെയാണ് അപകടത്തില്‍പ്പെട്ടത്.

ദുബായില്‍ നിന്ന് അവിടുത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്നതായിരുന്നു വിമാനം. 7.38 ഓടെയാണ് അപകടം സംഭവിച്ചത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്ന് തകര്‍ന്നു വീഴുകയായിരുന്നു വിമാനം. ആകാശത്ത് നിന്ന് താഴേക്ക് വന്ന വിമാനത്തിന്റെ പിന്‍ചക്രം റണ്‍വേയില്‍ തൊട്ടത് പാതിയോളം പിന്നിട്ട ശേഷമാണെന്നാണ് വിവരം. ഇവിടെ നിന്ന് വീണ്ടും 25 മീറ്റര്‍ കൂടി മുന്നോട്ട് പോയ ശേഷമാണ് വിമാനത്തിന്റെ മുന്‍ ചക്രങ്ങള്‍ നിലത്ത് തൊട്ടത്. ഈ ഘട്ടത്തില്‍ വിമാനം ഏറെ ദൂരം മുന്നോട്ട് പോയെന്ന് പൈലറ്റുമാര്‍ക്ക് മനസിലായി. തുടര്‍ന്ന് വിമാനം നിയന്ത്രിക്കാനും അപകടം ഒഴിവാക്കാനും ശ്രമം നടത്തി. എന്നാല്‍ ഇത് വിജയം കണ്ടില്ല. മുന്നിലോട്ട് നീങ്ങി തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് വീണെന്നാണ് കരുതുന്നത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവര്‍ത്തിച്ച വിമാനത്തിന് 13 വര്‍ഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. കോഴിക്കോട് ഇറങ്ങേണ്ട വിമാനങ്ങള്‍ കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. വിമാനത്തിലുണ്ടായിരുന്ന 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. 174 മുതിര്‍ന്നവരും 10 കുട്ടികളും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അമ്മയും കുഞ്ഞും അടക്കം 17 പേര്‍ മരിച്ചതായാണ് വിവരം. കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച നാലുപേര്‍ മരിച്ചു. പൈലറ്റ് ക്യാപ്റ്റന്‍ ഡി.വി.സാഠേ, പിലാശേരി ഷറഫുദീന്‍, ചെര്‍ക്കളപ്പറമ്പ് രാജീവന്‍ എന്നിവരാണ് മരിച്ചത്. ഷറഫുദീന്റേയും രാജീവന്റേയും മൃതദേഹങ്ങള്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍. രണ്ട് മൃതദേഹങ്ങള്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ . ഫറോക്ക് ക്രസന്റ് ആശുപത്രിയില്‍ ഒരുസ്ത്രീ മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button