COVID 19CricketLatest NewsKeralaNewsSports

കമന്‍ററി ഫ്രം ഹോം​, ചിയര്‍ലീഡര്‍മാരില്ല; കോവിഡ്​ കാലത്തെ ഐ.പി.എൽ. മാറ്റങ്ങള്‍ ഇവ

ടി20 മാമാങ്കത്തില്‍ ക്രിക്കറ്റ്​ പ്രേമികളെ കാത്തിരിക്കുന്നത്​ വമ്പൻ മാറ്റങ്ങളാണ്​

ഐ.പി.എല്‍ 13ാം സീസണ്‍ സെപ്​റ്റംബര്‍ 19 മുതല്‍ നവംബര്‍ 10 വരെ യു.എ.ഇയില്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചിരിക്കുകയാണ്​. എന്നാല്‍ ഇത്തവണത്തെ ടി20 മാമാങ്കത്തില്‍ ക്രിക്കറ്റ്​ പ്രേമികളെ കാത്തിരിക്കുന്നത്​ വമ്പൻ മാറ്റങ്ങളാണ്​. കോവിഡ്​ മഹാമാരിയെ തുടര്‍ന്ന്​ ഇന്ത്യയില്‍​ ഐ .പി.എല്‍ നടത്താന്‍ സാധിക്കില്ലെന്നിരിക്കെ യു.എ.ഇയില്‍ വലിയ നിയന്ത്രണങ്ങളോടെയായിരിക്കും മത്സരങ്ങള്‍ അരങ്ങേറുക. പൊതുവെ നടക്കാറുള്ള ടൂര്‍ണമെന്‍റുകളില്‍ നിന്നും തീര്‍ത്തും വിഭിന്നമായ രീതിയിലായിരിക്കും 2020ലെ ടി20​. ഫ്രാഞ്ചൈസികള്‍ക്കുള്ള എസ്‌ഒപി ഇതിനകം തന്നെ ബി.സി.സി.ഐ തയ്യാറാക്കിയിട്ടുണ്ട്​. അതില്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങളാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
ഹസ്​തദാനം വേണ്ട

മത്സരത്തിന്​ മുമ്ബ്​ നായകന്‍മാരും മത്സരത്തിന്​ ശേഷം കളിക്കാരും മറ്റ്​ ടീം സ്റ്റാഫുകളും പരസ്​പരം ഹസ്​തദാനം ചെയ്യുന്ന പതിവുണ്ട്​. എന്നാല്‍, കളിക്കാര്‍ക്കിടയിലുള്ള സൗഹൃദാന്തരീക്ഷത്തിന്റെ സന്ദേശം പകരുന്ന ഹസ്​തദാനം ഇത്തവണ ഒഴിവാക്കിയേക്കും. കോവിഡ്​ മാര്‍ഗനിര്‍ദേശങ്ങളില്‍ ​പെടുന്നതിനാല്‍ ഹസ്​തദാനത്തിനൊപ്പം താരങ്ങള്‍ പരസ്​പരം കൈമാറുന്ന ഹൈ-ഫൈവുകളും ആലിംഗനങ്ങളും ഒഴിവാക്കാനും നിര്‍ദേശമുണ്ട്​.

ചിയര്‍ലീഡേഴ്​സുമില്ല

ബാറ്റ്​സ്​മാന്‍മാര്‍ സിക്​സും ഫോറും വീശിയടിക്കുമ്പോൾ ചടുല നൃത്തവുമായി മൈതാനങ്ങളില്‍ ആവേശം വിതക്കുന്ന ചിയര്‍ലീഡര്‍മാരെയും ഇത്തവണ ഒഴിവാക്കിയേക്കും.

കമന്‍ററി വീട്ടില്‍

കമന്റെറ്റര്‍മാര്‍ക്കും ഇത്തവണ യു.എ.ഇയില്‍ പൂട്ടുവീണേക്കും. ഐ പി.എല്ലിന്റെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക്​ ആവേശം നല്‍കുന്നതില്‍ മുഖ്യ പങ്കാണ്​ കമ​ന്റെറ്റര്‍മാര്‍ക്കുള്ളത്​. എന്നാല്‍ ഇത്തവണ കമന്‍ററി വീട്ടില്‍ നിന്ന്​ പറയേണ്ടിവരാനാണ്​ സാധ്യത. കോവിഡ്​ പശ്ചാത്തലത്തിലാണ്​ ബി.സി.സി.ഐ പുതയ നീക്കത്തിന്​ മുതിരുന്നത്​. ദക്ഷിണാഫ്രിക്കയില്‍ നടന്ന സോളിഡാരിറ്റി കപ്പില്‍ ഇത്തരത്തില്‍ കമന്‍ററി പറയുന്നത്​ പരീക്ഷിച്ച്‌​ വിജയം കണ്ടിരുന്നു.

പന്തില്‍ തുപ്പല്‍ പുരട്ടരുത്​.

പന്ത്​ മിനുസപ്പെടുത്താനായി തുപ്പല്‍ പുരട്ടുന്നതും നിരോധിച്ചിട്ടുണ്ട്​. നേരത്തെ അന്താരാഷ്​ട്ര മത്സരങ്ങളില്‍ ഐ .സി.സി അത്തരം രീതികള്‍ വിലക്കിയിട്ടുണ്ട്​. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും അത്​ തുടരുമെന്നാണ്​ റിപ്പോര്‍ട്ട്​. ആരെങ്കിലും തുപ്പല്‍ പുരട്ടിയാല്‍ അംപയര്‍ അത്​ വൃത്തിയാക്കി നല്‍കുകയും ഒപ്പം വാര്‍ണിങ്ങുമുണ്ടായേക്കും. ഒരിന്നിങ്‌സില്‍ രണ്ടു തവണ മുന്നറിയിപ്പ് ലഭിച്ച ശേഷവും ഇതാവര്‍ത്തിച്ചാല്‍ ടീമിന് അഞ്ചു റണ്‍സ് പിഴയായി ചുമത്തും. തുപ്പലിനു പകരം വിയര്‍പ്പ് ഉപയോഗിക്കാന്‍ അനുമതിയുണ്ട്​​.

താരങ്ങള്‍ പരസ്യ ഷൂട്ടുകള്‍ കുറക്കണം

​ഐ .പി.എല്‍ കാലം താരങ്ങള്‍ക്ക്​ ചാകരയാണ്​. വിവിധ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ ചെറിയ താരങ്ങള്‍ മുതല്‍ വലിയ താരങ്ങള്‍ വരെ പ്രത്യക്ഷപ്പെടാറുണ്ട്​. വിവിധ ഫ്രാഞ്ചൈസികളും തങ്ങളുടെ താരങ്ങളെ പരസ്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്​. ഇത്തവണ അതിനും നിയന്ത്രണം ഉണ്ടാവും. താരങ്ങളെല്ലാം കൃത്യമായി തന്നെ ബി.സി.സി.ഐ നിര്‍ദേശപ്രകാരണമുള്ള രോഗപ്രതിരോധ ചട്ടങ്ങള്‍ പാലിക്കണം. ഓരോ ടീമുകളും അവരുടെ ബയോ സെക്യുവര്‍ ബബ്​ള്‍സ്​ സ്ഥാപിക്കണം. ഈ സംവിധാനം വരുന്നതോടെ പുറത്തുനിന്നുള്ളവര്‍ക്ക്​ അകത്തേക്കോ, അകത്തുനിന്നുള്ളവര്‍ക്ക്​ പുറത്തേക്കോ പോകുന്നതില്‍ വിലക്കുണ്ടാവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button