
ഇടുക്കി,ഉരുൾപൊട്ടലുണ്ടായ ഇടുക്കി രാജമലയിൽ രക്ഷാപ്രവർത്തനത്തിനായി ദേശീയ ദുരന്തപ്രതിരോധ സേനയെ നിയോഗിച്ചു. ഇടുക്കിയിൽ നേരത്തെ തന്നെ സജ്ജമാക്കിയിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാൻ നിർദ്ദേശിച്ചത്. തൃശൂരിൽ ഉള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തും.രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ അധികൃതർക്കും നിർദേശം നൽകി.ഇടുക്കി മൂന്നാര്‍ രാജമല നെയ്മക്കാട് പെട്ടിമുടിയില്‍ ആണ് മണ്ണിടിച്ചില്‍ ഉണ്ടായത്.
ഒരു പ്രദേശമാകെ മണ്ണിനടിയാലായപോലെയാണ് ആദ്യ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.തമിഴ്നാട്ടിൽ നിന്ന് വർഷങ്ങളായി വന്ന് താമസിക്കുന്നവരാണ് ഇവിടെയുണ്ടായിരുന്നത്.എൺപത് പേരെങ്കിലും മണ്ണിനടിയിൽപ്പെട്ടുപോയതായാണ് പ്രാഥമിക വിവരം. എന്നാൽ പ്രദേശത്ത് വൈദ്യുതിയില്ലാത്തതുകൊണ്ടുതന്നെ സമീപത്തുള്ളവരുമായി ബന്ധപ്പെടാൻ സാധ്യമല്ല.എത്രപേർ മണ്ണിനടിയിൽപ്പെട്ടു എന്നത് ഇനിയും വ്യക്തമല്ല.രാജ മലയിൽ നിന്ന് നാല് പേരെ മുന്നാർ ടാറ്റയുടെ ആശുപത്രിയിലെത്തിച്ചു.
ഇടുക്കിയിലെ മണ്ണിടിച്ചില്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ പ്രത്യേക മൊബൈല്‍ മെഡിക്കല്‍ സംഘത്തെ അയച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം 15 ആംബുലന്‍സുകളും സംഭവ സ്ഥലത്തേയ്ക്ക് അയച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ മെഡിക്കല്‍ സംഘത്തേയും നിയോഗിക്കുന്നതാണ്. ആശുപത്രികള്‍ അടിയന്തരമായി സജ്ജമാക്കാനും നിര്‍ദേശം നല്‍കിയിട്ടുന്നെന്നും മന്ത്രി പറഞ്ഞു.
Post Your Comments