KeralaLatest NewsNews

സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം ; പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ബെഹ്‌റ

തിരുവനന്തപുരം : സ്ഥാപനങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. മാര്‍ജിന്‍ഫ്രീ ഉള്‍പ്പെടെയുളള ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 100 ചതുരശ്ര അടിക്ക് ആറ് പേര്‍ എന്ന നിലയില്‍ മാത്രമേ ഉപഭോക്താക്കളെ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു.

അത്യാവശ്യം ജീവനക്കാരെ മാത്രമേ സ്ഥാപനങ്ങളില്‍ നിയോഗിക്കാവൂ. കൂടാതെ ഉപഭോക്താക്കള്‍ക്ക് കാത്തുനില്‍ക്കാന്‍ വേണ്ടി കടകള്‍ക്കു മുന്നില്‍ സാമൂഹിക അകലം പാലിച്ച് വൃത്തം വരയ്‌ക്കേണ്ടതാണ്. ഇത്തരം കടകളില്‍ ഉപഭോക്താവിന് ചെലവഴിക്കാനുളള പരമാവധി സമയം നിജപ്പെടുത്തണമെന്നും ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്.

ഉപഭോക്താക്കള്‍ക്കു പ്രവേശിക്കാനാകാത്ത ചെറിയ കടകള്‍ക്കു മുന്നില്‍ വൃത്തം വരച്ചു കൃത്യമായ സാമൂഹിക അകലത്തോടെ ഉപഭോക്താക്കളെ വരി നിര്‍ത്തേണ്ട ഉത്തരവാദിത്തം കട ഉടമക്കായിരിക്കും. അകലം ലംഘിക്കുന്ന തരത്തിലുളള ഒരു പ്രവൃത്തിയും ബാങ്കുകള്‍ മുതലായ സാമ്പത്തിക സ്ഥാപനങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല. അവയ്ക്കു മുന്നില്‍ കൂട്ടം കൂടി നില്‍ക്കുന്നതും ഒഴിവാക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉള്‍ക്കൊളളുന്ന പോസ്റ്ററുകള്‍ കടകള്‍ക്ക് മുന്നില്‍ പതിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി വ്യക്തമാക്കി.

നേരത്തേ ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പോസ്റ്ററുകള്‍ കടകള്‍ക്കു മുന്നില്‍ പതിക്കാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും പല സ്ഥലത്തും ഇതു പാലിച്ചതായി കാണുന്നില്ലെന്നും സാഹചര്യത്തില്‍ ഇക്കാര്യം നേരിട്ടു പരിശോധിക്കാന്‍ പൊലീസ് ആസ്ഥാനത്തെ സ്‌പെഷല്‍ ടീമിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കടകള്‍ക്കു മുന്നിലും അകത്തും മലയാളത്തിലും ഇംഗ്ലിഷിലും പോസ്റ്റര്‍ പതിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button