
കണ്ണൂർ: കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിന്റെ ബിജെപി പ്രവേശത്തിന് പിന്നിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണെന്ന കെ മുരളീധരന്റെ വെളിപ്പെടുത്തലിൽ പ്രതികരണവുമായി സിപിഎം നേതാവ് എം വി ജയരാജൻ. ആര് ഇടനില നിന്നാലും കരുണാകരന്റെ മകൾ ബിജെപിയിൽ പോകാൻ പാടുണ്ടോയെന്ന് അദ്ദേഹം ചോദിക്കുന്നു.
വ്യക്തിയുടെ ഇടപെടലുണ്ടോ ഇല്ലയോ എന്നതല്ല പ്രശ്‌നം. ആരെങ്കിലും പറഞ്ഞെന്ന പേരിൽ പത്മജ ബിജെപിയിൽ പോകാൻ പാടുണ്ടോ. ബെഹ്‌റയെക്കാൾ വലിയൊരാൾ പറഞ്ഞാൽ മുരളി ബിജെപിയിൽ പോകുമോയെന്നും അദ്ദേഹം ചോദിച്ചു.
കണ്ണൂരിൽ കെ സുധാകരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുന്നതിൽ പ്രത്യേകതയില്ല. അഞ്ച് വർഷം എംപിയുടെ സാന്നിധ്യം കണ്ണൂരിലുണ്ടായിരുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസമാണ് പത്മജ വേണുഗോപാലിനെ ബിജെപിയിൽ എത്തിക്കുന്നതിൽ ഇടനിലക്കാരനായത് മുൻ ഡിജിപി ലോക്‌നാഥ് ബഹ്‌റയാണെന്ന ആരോപണം കെ മുരളധരൻ ഉന്നയിച്ചത്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നാണ് അദ്ദേഹം ആരോപിച്ചത്. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Post Your Comments