KeralaLatest NewsNews

രാമക്ഷേത്ര നിര്‍മാണം ; ഇവിടെ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്, അവര്‍ക്കെങ്ങനെ ആശ്വാസമേകാമെന്നാണ് ആലോചിക്കേണ്ടത്, രാജ്യത്തെ കോവിഡ് കണക്കും ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: അയോധ്യ രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം ഓര്‍മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. അയോധ്യയുമായി ബന്ധപ്പെട്ട് സിപിഎം നിലപാടാണ് അറിയേണ്ടതെങ്കില്‍ അത് നേരത്തെ പോളിറ്റ് ബ്യൂറോ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇന്നത്തെ കണക്കനുസരിച്ച് രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 19 ലക്ഷം കവിഞ്ഞെന്നും അതെങ്ങനെ മറികടക്കാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

അയോധ്യയില്‍ പ്രിയങ്ക ഗാന്ധിയുടെ നിലപാടില്‍ അത്ഭുതമില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി കോണ്‍ഗ്രസ് ചരിത്രപരമായി തന്നെ മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിച്ചതെന്നും വ്യക്തമാക്കി. മതനിരപേക്ഷതയുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് നിലപാടുണ്ടായിരുന്നെങ്കില്‍ രാജ്യത്തിന് ഈ ഗതി വരില്ലായിരുന്നു. രാഹുല്‍ ഗാന്ധിയുടെയോ പ്രിയങ്കയുടെയോ നിലപാടില്‍ പുതുതായി ഒന്നുമില്ലെന്നും ബാബറി മസ്ജിത് തകര്‍ക്കാന്‍ സംഘപരിവാര്‍ പാഞ്ഞടത്തപ്പോള്‍ നിസംഗമായി നിന്നത് കോണ്‍ഗ്രസായിരുന്നുവെന്നും സംഘപരിവാര്‍ ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയപ്പോഴൊക്കെ പിന്തുണ നല്‍കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസിന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ഇവിടെ ദാരിദ്ര്യത്തില്‍ ബുദ്ധിമുട്ടുന്ന മനുഷ്യരുണ്ട്, അവര്‍ക്കെങ്ങനെ ആശ്വാസമേകാമെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. സംസ്ഥാന സര്‍ക്കാര്‍ അതാണ് ചെയ്യുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് അലവന്‍സടക്കമുള്ള കാര്യങ്ങള്‍ ചെയ്യുകയാണല്ലോ വേണ്ടതെന്നും ബാക്കിയുള്ളത് പിന്നെയാകാമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button