ലഖ്നൗ : രാജ്യത്ത് കൊവിഡ് കേസുകളും മരണങ്ങളും ഉയരവെ ആശങ്ക ഉയർത്തി ലഖ്നൗവിൽ ആയിരത്തിലധികം കൊവിഡ് രോഗികളെക്കുറിച്ച് വിവരമില്ല. പരിശോധനാ വേളയിൽ തെറ്റായ വിവരങ്ങൾ നൽകുന്നതാണ് അധികൃതർക്ക് രോഗികളെ കണ്ടെത്താൻ വെല്ലുവിളിയാകുന്നത്. കഴിഞ്ഞ ഒമ്പതു ദിവസങ്ങളിലായി കോവിഡ് 19 സ്ഥിരീകരിച്ച 2,290 രോഗികളാണ് പരിശോധനാ സമയത്ത് പേരും മേൽവിലാസവും ഫോൺ നമ്പറും ഉൾപ്പടെ തെറ്റായ വിവരങ്ങൾ നൽകിയത്.
ഇതേതുടർന്ന് ഉത്തർപ്രദേശ് പോലീസിന്റെ സഹായം തേടിയ ആരോഗ്യ പ്രവർത്തകർ 1,171 പേരെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ 1119 രോഗികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇത്തരത്തിൽ തെറ്റായ വിവരങ്ങൾ നൽകുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
‘കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടി ആയിരക്കണക്കിന് ടെസ്റ്റുകളാണ് നടത്തുന്നത്. ലഖ്നൗവിൽ പലയിടങ്ങളിലായി ക്യാമ്പുകൾ രൂപീകരിച്ച് പരിശോധനകൾ നടത്തുന്നുണ്ട്. എന്നാൽ പരിശോധനയ്ക്കെത്തുന്നവരിൽ ചിലർ തെറ്റായ പേരും മേൽവിലാസവും ഫോൺനമ്പറമാണ് നൽകുന്നത്. ഇവരെ കുറിച്ച് അന്വേഷിക്കുമ്പോഴാണ് തന്നതെല്ലാം തെറ്റായ വിവരങ്ങാണെന്ന് തിരിച്ചറിയുന്നത്. ഇതുവരെ 1171 പേരെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞു. മറ്റുള്ളവരെ കണ്ടെത്താനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കോവിഡ് പരിശോധന നടത്തുന്നതിന് മുമ്പുതന്നെ എല്ലാ ആശുപത്രികളും ലാബുകളും രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് നിർദേശിക്കുന്നു.’ ലഖ്നൗ കമ്മിഷണർ സുജിത് പാണ്ഡെ പറഞ്ഞു.
Post Your Comments