ചെന്നൈ : തമിഴ്നാട്ടിലും കർണാടകയിലും കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നത് ആശങ്ക വർധിപ്പിക്കുയാണ്. തമിഴ്നാട്ടിൽ പുതുതായി 5609 പേർക്കും കർണാടകയിൽ 4752 പേർക്കും പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി 5000ത്തോളം പേർക്കാണ് ഇരു സംസ്ഥാനങ്ങളിലും രോഗം സ്ഥിരീകരിക്കുന്നത്.
തമിഴ്നാട്ടിൽ 109 മരണവും 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 2,63,222 ആയി. 4241 മരണവും ഇതുവരെ സ്ഥിരീകരിച്ചു. 2,02,283 പേർ തമിഴ്നാട്ടിൽ ഇതുവരെ രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 58,211 സാമ്പിളുകളാണ് സംസ്ഥാനത്ത് പരിശോധിച്ചത്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചതിൽ ഏഴുപേർ കേരളത്തിൽനിന്ന് തമിഴ്നാട്ടിലെത്തിയവരാണ്. തലസ്ഥാന നഗരിയിൽ രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ ചെന്നൈയിൽ ലോക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടി.
കർണാടകയിൽ ഇതുവരെ 1,39,571 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2594 പേരാണ് കർണാടകയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 62,500 പേർ രോഗമുക്തി നേടി. സംസ്ഥാനത്ത് ബംഗളൂരുവിലാണ് ഏറ്റവും കൂടുതൽ േപർക്ക് രോഗം സ്ഥിരീകരിച്ചത്. ബംഗളൂരു നഗരത്തിൽ മാത്രം 1497 പേർക്ക് രോഗം കണ്ടെത്തി. കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പക്ക് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
Post Your Comments