തിരുവനന്തപുരം • തിരുവല്ലയിൽ ബൈക്ക് അപകടത്തിൽ പെട്ട് യുവാവ് മരിച്ചതിൽ പ്രതികരണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. മനുഷ്യത്വം മരവിക്കുകയോ മരിക്കുകയോ ചെയ്യുന്ന ഹൃദയഭേദകമായ ഒരു ക്രൂര കൃത്യമാണ് തിരുവല്ലക്ക് സമീപം കടപ്രയിൽ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ബൈക്ക് യാത്രികൻ ജിബു എബ്രഹാം അപകടത്തിൽപെട്ട് ചോര വാർന്നൊലിച്ചു റോഡിൽ കിടന്ന് പിടയുമ്പോൾ നിരവധിപേർ കാഴ്ചക്കാരായി സമീപം നോക്കി നിന്നിരുന്നു. 20 മിനിറ്റോളം ഗുരുതര പരിക്കുകളോടെ കൺമുൻപിൽ ഒരാൾ മരണത്തോട് മല്ലിട്ട് നിലവിളിക്കുന്നത് കണ്ടിട്ടും നിഷ്ക്രിയരായി നോക്കിനിൽക്കാൻ എങ്ങനെ കൂടി നിന്നവർക്ക് കഴിഞ്ഞുവെന്നും കുമ്മനം ചോദിച്ചു.
ത്യാഗവും സേവനവും മുഖമുദ്രകളാകുന്ന സാമൂഹ്യ ജീവനത്തിന്റെ നല്ല നല്ല പാഠങ്ങൾ മനുഷ്യ മനസിലേക്ക് പകർന്നു നൽകുന്ന സന്ദർഭങ്ങൾ കുറഞ്ഞുവരുന്നു. ഇത് അപകടകരമാണെന്നും കുമ്മനം പറഞ്ഞു.
കുമ്മനത്തിന്റെ ഫെയിസ്‍ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം :-
മനുഷ്യത്വം മരവിക്കുകയോ മരിക്കുകയോ ചെയ്യുന്ന ഹൃദയഭേദകമായ ഒരു ക്രൂര കൃത്യമാണ് തിരുവല്ലക്ക് സമീപം കടപ്രയിൽ കണ്ടത്.
ബൈക്ക് യാത്രികൻ ജിബു എബ്രഹാം അപകടത്തിൽപെട്ട് ചോര വാർന്നൊലിച്ചു റോഡിൽ കിടന്ന് പിടയുമ്പോൾ നിരവധിപേർ കാഴ്ചക്കാരായി സമീപം നോക്കി നിന്നിരുന്നു. 20 മിനിറ്റോളം ഗുരുതര പരിക്കുകളോടെ കൺമുൻപിൽ ഒരാൾ മരണത്തോട് മല്ലിട്ട് നിലവിളിക്കുന്നത് കണ്ടിട്ടും നിഷ്ക്രിയരായി നോക്കിനിൽക്കാൻ എങ്ങനെ കൂടി നിന്നവർക്ക് കഴിഞ്ഞു ?
രക്ഷപെടുത്താൻ ശ്രമിച്ചാൽ സാക്ഷി പറയേണ്ടിവരുമെന്ന് വിചാരിച്ചാണോ ? അപകടത്തിൽ പെടുന്ന ഒരാളെ എന്ത് ത്യാഗം സഹിച്ചും രക്ഷപെടുത്തണമെന്ന ജീവകാരുണിക അവബോധം എവിടെയോ കൈമോശം വന്നിരിക്കുന്നു. സഹജീവനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സാഹോദര്യത്തിന്റേയും ഉദാത്ത ചിന്തകൾ മനുഷ്യ മനസിൽനിന്നും നഷ്ട്ടപ്പെടുകയാണോ ? സ്വാർത്ഥതയുടെ പെരുമ്പറകൾ മുഴങ്ങുന്ന പൊതു ജീവിത മണ്ഡലത്തിൽ മനുഷ്യത്വസാന്ദ്രമായ സുമനസുകൾക്ക് ഇടം കുറഞ്ഞു വരുന്നത് വേദനാജനകമാണ്
ത്യാഗവും സേവനവും മുഖമുദ്രകളാകുന്ന സാമൂഹ്യ ജീവനത്തിന്റെ നല്ല നല്ല പാഠങ്ങൾ മനുഷ്യ മനസിലേക്ക് പകർന്നു നൽകുന്ന സന്ദർഭങ്ങൾ കുറഞ്ഞുവരുന്നു. ഇത് അപകടകരമാണ്.
അപകട സന്ധികളിൽ പിടയുന്ന മനുഷ്യ ജീവിതങ്ങൾക്ക് താങ്ങായ്, തണലായ് , ആശ്വാസമായ് ജീവിക്കാൻ നമുക്ക് കഴിയട്ടെ. കടപ്ര സംഭവത്തിന്റെ നോവൽ നിന്നും പരസഹായവായ്‌പിന്റെ പുതുനാമ്പുകൾ വിടരട്ടെ.
Post Your Comments