തിരുവനന്തപുരം: കോണ്‍ഗ്രസിനുള്ളിലെ ആര്‍എസ്എസിന്റെ സര്‍സംഘചാലകാണ് രമേശ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ. എത്ര വൃത്തികെട്ട മനസ്സിന്റെ ഉടമയാണ് കോടിയേരി ബാലകൃഷ്ണനെന്നും നല്ലോരു പെരുന്നാള്‍ ദിവസമായിട്ട് രാവിലെത്തന്നെ കുത്തിത്തിരിപ്പും വര്‍ഗീയതയുമായി കൊടിയേരി ഇറങ്ങിയിട്ടുണ്ടെന്നും ബല്‍റാം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതാവുമ്പോള്‍ ബിലോ ദ ബെല്‍റ്റ് അടികളുമായി പ്രത്യാക്രമണത്തിന് ശ്രമിക്കുക എന്നത് എന്നും സിപിഎമ്മിന്റെ രീതിയാണ്. അക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറി എന്നോ പോരാളി ഷാജി എന്നോ ഉള്ള വ്യത്യാസമൊന്നുമില്ലെന്നും വി.ടി. ബല്‍റാം വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റെ കടുംവെട്ടുകളേയും കൊള്ളരുതായ്മകളേയും ജനമധ്യത്തില്‍ തുറന്നു കാട്ടുക എന്നത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ഭംഗിയായി നിര്‍വ്വഹിക്കുന്നതുകൊണ്ടാണ് ഈ സര്‍ക്കാരിന്റെ കാട്ടു കൊള്ളകള്‍ ഇന്ന് കേരളം ഗൗരവപൂര്‍വ്വം ചര്‍ച്ച ചെയ്യുന്ന സാഹചര്യം ഇവിടെ ഉണ്ടായി വന്നതെന്നും അദ്ദേഹം പറഞ്ഞു.
ആദ്യകാലങ്ങളില്‍ പ്രതിപക്ഷ നേതാവിനേയും അദ്ദേഹമുയര്‍ത്തിയ ആരോപണങ്ങളേയും പുച്ഛിച്ച് തളളാനും മുഖ്യമന്ത്രിക്ക് ഏകപക്ഷീയമായ പിന്തുണ അര്‍പ്പിക്കാനും മത്സരിച്ച മാധ്യമങ്ങളൊക്കെ മെല്ലെ മെല്ലെ കളം മാറ്റിത്തുടങ്ങിയതും ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും സര്‍ക്കാര്‍ പലതിലും ഒളിച്ചു കളിക്കുകയാണെന്നുമുള്ള ബോധ്യം എല്ലാവര്‍ക്കും ഉണ്ടായിവന്നതിന്റെ ഭാഗമായാണെന്നും ഇതൊക്കെയാണിപ്പോള്‍ കോടിയേരി ബാലകൃഷ്ണന്റേയും കൂട്ടരുടേയും സമനില തെറ്റിച്ചിരിക്കുന്നതെന്നും വിടി ബല്‍റാം വിമര്‍ശിച്ചു.
കോടിയേരി ബാലകൃഷ്ണന്‍ ദീര്‍ഘകാലം ജനപ്രതിനിധിയായിരുന്ന തലശ്ശേരിക്ക് തൊട്ടടുത്തുള്ള പാലത്തായിയിലാണ് ബിജെപി നേതാവായ ഒരധ്യാപകന്‍ ആ സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ച സംഭവമുണ്ടായതെന്നും ഇന്നേ വരെ ബാലകൃഷ്ണന്‍ അതിനേക്കുറിച്ച് വാ തുറന്നിട്ടില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. പോക്‌സോ വകുപ്പുകള്‍ പോലും ചുമത്താതെ ആ കേസ് പോലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുമ്പോള്‍, പ്രതിക്ക് അനായാസമായി ജാമ്യം ലഭിക്കുമ്പോള്‍, മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ ഇദ്ദേഹത്തിന് മിണ്ടാട്ടമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതുപോലെതന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരുള്‍പ്പെട്ട സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ ബിജെപി നേതാക്കളുടേയും നിലപാട്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ബിജെപി നേതാവായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ആദ്യ ദിവസങ്ങളിലെ ആവേശത്തിന് ശേഷം ഇപ്പോള്‍ സമ്പൂര്‍ണ്ണ മൗനത്തിലാണെന്നും എന്‍ഐഎക്ക് മൂക്കുകയറിട്ട് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരെ മുഴുവന്‍ രക്ഷിച്ചെടുക്കാനുള്ള ക്വട്ടേഷനാണ് ഇപ്പോള്‍ സംസ്ഥാനത്തെ ബിജെപി നേതൃത്വം ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. മാത്രവുമല്ല ഇത്തരത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഏറെയാണെന്നും അദ്ദേഹം പറയുന്നു.
ഈ പരസ്പര സഹകരണ മുന്നണിയുടെ നെറികേടുകളെ മറച്ചു പിടിക്കാനായി കോണ്‍ഗ്രസിനും പ്രതിപക്ഷ നേതാവിനുമെതിരെ രാഷ്ട്രീയാരോപണങ്ങളുമായാണ് കോടിയേരി ബാലകൃഷ്ണന്‍ വരുന്നതെങ്കില്‍ അത് ആ നിലക്കെങ്കിലും മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ 64 വയസ്സുള്ള, അര നൂറ്റാണ്ടോളമായി പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന രമേശ് ചെന്നിത്തലയേക്കുറിച്ച് ഒന്നും പറയാനില്ലാത്തത് കൊണ്ട് അദ്ദേഹത്തിന്റെ യശശ്ശരീരനായ പിതാവിനേക്കുറിച്ച് പോലും ദുരാരോപണമുന്നയിക്കുന്ന ഹീന മനസ്സാണ് കോടിയേരി ബാലകൃഷ്ണന്‍ വെളിപ്പെടുത്തുന്നതെന്നും തിരിച്ച് കോടിയേരിയുടെ കുടുംബ മഹത്വത്തേക്കുറിച്ച് ചര്‍ച്ച ചെയ്യിപ്പിച്ച് പ്രശ്‌നങ്ങളെ ആ നിലക്ക് വഴിതിരിച്ചു വിടണമെന്നായിരിക്കും സിപിഎം സംസ്ഥാന സെക്രട്ടറി ആഗ്രഹിക്കുന്നതെന്നും അത് പറയാനാണെങ്കില്‍ ഒരുപാട് ഉണ്ടെന്നും സ്വയം നാറിയിട്ടാണെങ്കിലും സ്വന്തം സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനുള്ള അദ്ദേഹത്തിന്റെ പാര്‍ട്ടിക്കൂറിനേയും യജമാന സ്‌നേഹത്തേയും അംഗീകരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.
ഏതായാലും ആ നിലക്കുള്ള പ്രചരണം ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ഞങ്ങള്‍ക്ക് ജനങ്ങളോട് പറയാനുള്ളത് ഈ സര്‍ക്കാരിന്റെ ജനദ്രോഹങ്ങളേയും അഴിമതിയേയും കള്ളക്കടത്ത് പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളേയും കുറിച്ച് മാത്രമാണെന്നും ജനങ്ങള്‍ക്ക് മുമ്പില്‍ അത് അവതരിപ്പിക്കുന്നതില്‍ നിന്ന് കേരളത്തിന്റെ പ്രതിപക്ഷ നേതാവിനെ പിന്തിരിപ്പിക്കാന്‍ കോടിയേരി ബാലകൃഷ്ണന്റെ നിലവാരം കുറഞ്ഞ ശ്രമങ്ങള്‍ കൊണ്ട് കഴിയില്ല എന്നുറപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments