ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ ഒരുമാസം കൂടി നീട്ടാൻ സാധ്യത. നിലവിൽ ജൂലായ് 31 വരെ ലോക്ഡൗൺ ഉണ്ട്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടാനാണ് സർക്കാർ ആലോചിക്കുന്നത്. കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തിങ്കളാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ജില്ലാകളക്ടർമാരുമായി ചർച്ചനടത്തി. ഇതേത്തുടർന്നാണ് ലോക്ഡൗൺ നീട്ടാമെന്ന അഭിപ്രായമുയർന്നത്.
ലോക്ഡൗൺ ഓഗസ്റ്റ് അവസാനംവരെ നീട്ടുമ്പോൾ നിയന്ത്രണങ്ങളിൽ പല ഇളവുകളും നൽകും. എന്നാൽ, പൊതുഗതാഗതം പുനരാരംഭിക്കാൻ സാധ്യതയില്ല. മാളുകൾ, സിനിമാതിയേറ്ററുകൾ തുടങ്ങിയവയും തുറക്കേണ്ടെന്നാണ് തീരുമാനം. ചെന്നൈ നഗരത്തിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും മറ്റുജില്ലകളിൽ രോഗികളുടെ എണ്ണം വർധിക്കുകയാണ്.
സംസ്ഥാനത്ത് ഇതിനകം കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 3400-ലധികംപേർ ഇതിനകം കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നുണ്ടെങ്കിലും കർശനമായി നടപ്പാക്കുന്നതിൽ അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടാകുന്നതായി ആരോപണമുണ്ട്. നഗരങ്ങളിലെ
പല ചന്തകളിലും സാമൂഹിക അകലം പാലിക്കാതെയാണ് ആളുകൾ എത്തുന്നത്.
Post Your Comments