ദമ്മാം • ജോലിസ്ഥലത്തെ പ്രശ്നങ്ങൾ മൂലം ദുരിതത്തിലായ മലയാളി വനിത, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെയും ഇന്ത്യൻ എംബസ്സിയുടെയും സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
കൊല്ലം ശാസ്താംകോട്ട സ്വദേശിനിയായ ഹസീനയാണ് നാട്ടിലേയ്ക്ക് മടങ്ങിയത്. ഒരു വര്ഷം മുൻപാണ് ദമ്മാമിലെ ഒരു സൗദി പൗരന്റെ വീട്ടിൽ ഹൌസ്മെയ്‌ഡ് ആയി ഹസീന ജോലിയ്ക്ക് എത്തിയത്. എന്നാൽ ജോലിസ്ഥലത്തെ സാഹചര്യങ്ങൾ മോശമായിരുന്നു. സ്പോൺസർ നല്ലവനായിരുന്നെങ്കിലും, അദ്ദേഹം ദൂരെസ്ഥലത്ത് ജോലിയ്ക്കു പോയി മാസത്തിൽ ഒന്നോ രണ്ടോ ദിവസമേ വീട്ടിൽ കാണുകയുള്ളൂ എന്നതിനാൽ, വീട്ടിലെ കാര്യങ്ങൾ മുഴുവൻ നിയന്ത്രിച്ചിരുന്നത് അദ്ദേഹത്തിന്റെ ഭാര്യ ആയിരുന്നു. അവർ മോശമായ രീതിയിലാണ് പെരുമാറിയത് എന്നാണ് ഹസീനയുടെ പ്രധാനപരാതി. രാവും പകലും വിശ്രമില്ലാതെ ജോലി ചെയ്യിക്കുക, ഭക്ഷണം സമയത്തു തരാതിരിയ്ക്കുക, എന്തിനും ഏതിനും കുറ്റം പറയുക തുടങ്ങി മാനസികമായ ഒട്ടേറെ പീഢനങ്ങൾ നേരിടേണ്ടി വന്നു എന്ന് ഹസീന പറയുന്നു. ഒടുവിൽ ഹസീന സഹികെട്ട് പ്രതികരിച്ചപ്പോൾ, സ്‌പോൺസറുടെ ഭാര്യ ദൊഹോപദ്രവവും ഏൽപ്പിയ്ക്കാനും തുടങ്ങി. അതിനെത്തുടർന്ന് ഹസീന പോലീസിനെ ഫോൺ വിളിച്ചു പരാതി പറഞ്ഞു. പോലീസ് താമസസ്ഥലത്ത് എത്തി അവരുടെ മൊഴി എടുക്കുകയും, അവിടെ നിന്ന് അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തിൽ കൊണ്ട് ചെന്ന് ആക്കുകയും ചെയ്തു.
അഭയകേന്ദ്രം അധികൃതർ അറിയിച്ചത് അനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവർത്തകയായ മഞ്ജു മണിക്കുട്ടൻ അവിടെയെത്തി ഹസീനയോട് സംസാരിച്ച് കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവർത്തകരും കൂടി ഹസീനയുടെ സ്‌പോൺസറെ ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. ഹസീനയ്ക്ക് നാലുമാസത്തെ ശമ്പളം കുടിശ്ശിക കിട്ടാനുണ്ടായിരുന്നു. ആ കുടിശ്ശികയും, നാട്ടിലേയ്ക്ക് പോകാനുള്ള എക്സിറ്റും ടിക്കറ്റും നൽകണമെന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ ആവശ്യപ്പെട്ടു. ഒട്ടേറെ ചർച്ചകൾക്ക് ശേഷം, സ്പോൺസർ ഒത്തുതീർപ്പിന് തയ്യാറായി.
തുടർന്ന് കാര്യങ്ങൾ വേഗത്തിൽ നടന്നു. സ്പോൺസർ കുടിശ്ശിക ശമ്പളം കൈമാറി. അഭയകേന്ദ്രം അധികൃതരുടെ സഹായത്തോടെ മഞ്ജു മണിക്കുട്ടൻ, ഹസീനയ്ക്ക് എക്സിറ്റ് അടിച്ചു കൊടുക്കുകയും, ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ വന്ദേഭാരത് വിമാനത്തിൽ ടിക്കറ്റ് എടുത്തു കൊടുക്കുകയും ചെയ്തു.
അങ്ങനെ പ്രവാസജീവിതം അവസാനിപ്പിച്ച്, എല്ലാവര്ക്കും നന്ദി പറഞ്ഞ്, ഹസീന നാട്ടിലേയ്ക്ക് പറന്നു.
Post Your Comments