COVID 19KeralaLatest NewsNews

പരിശീലനത്തിനെത്തിയ പൊലീസുകാരന് കോവിഡ് ; പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ ആശങ്ക ; സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: തിരുവനന്തപുരം പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പരിശീലനത്തിനെത്തിയ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. അഞ്ചു ദിവസം മുമ്പെടുത്ത സ്രവസാമ്പിള്‍ പരിശോധനാ ഫലമാണ് ഇന്ന് വന്നത്. 110 ട്രെയിനികള്‍ക്കൊപ്പമാണ് രോഗം സ്ഥിരീകരിച്ച പൊലീസുകാരന്‍ കഴിഞ്ഞിരുന്നത്. സ്രവം ശേഖരിച്ച പൊലീസുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ലന്ന് പൊലീസുകാര്‍ക്കിടയില്‍ നിന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. വീണ്ടുമൊരു സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കുന്നത് അപ്രായോഗികമെന്ന് പ്രത്യേക മന്ത്രിസഭാ യോഗമാണ് വിലയിരുത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ അപ്രായോഗികമാണെന്ന വിലയിരുത്തലിലേക്ക് എത്തിയത്.

സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പാക്കരുതെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. ലോക്ക് ഡൗണ്‍ നടപ്പാക്കിയാല്‍ ദിവസവേതനക്കാര്‍ ഉള്‍പ്പെടെ സാധാരണക്കാരായ ആളുകളുടെ ദൈനംദിന ജീവിതം പോലും പ്രതിസന്ധിയിലാകുമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കുകയുണ്ടായി. സമ്പൂര്‍ണ്ണ ലോക് ഡൗണ്‍ ജനജീവിതത്തെ കൂടുതല്‍ ദുരിതത്തിലാക്കുമെന്ന അഭിപ്രായങ്ങള്‍ ശരിയാണെന്നാണ് സര്‍ക്കാറിന്റെയും നിലപാട്.

അതേസമയം, രോഗവ്യാപനം കൂടിയ മേഖലയില്‍ നിയന്ത്രണം കര്‍ശനമാക്കും. ഈ പ്രദേശങ്ങളില്‍ പോലിസിന്റെയും മറ്റും നേതൃത്വത്തില്‍ കൂടുതല്‍ പരിശോധന നടത്തും. ഓരോ ജില്ലകളിലും സാഹചര്യം നോക്കി ജില്ലാ ഭരണകൂടങ്ങള്‍ക്ക് നടപടിയെടുക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button