![](/wp-content/uploads/2020/07/26as15.jpg)
കാൻപുർ : മോചനദ്രവ്യം ആവശ്യപ്പെട്ട് സുഹൃത്തുക്കളും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലാബ് ജീവനക്കാരനായ സഞ്ജീത് യാദവിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹം പാണ്ഡു നദിയിൽ ഉപേക്ഷിച്ചെന്ന പ്രതികളുടെ മൊഴിയെ തുടർന്ന് പോലീസും മുങ്ങൽ വിദഗ്ദരും തിരച്ചിൽ തുടരുകയാണ്. അതിനിടെ, സംഭവത്തിൽ ഉത്തർപ്രദേശ് പോലീസിനെതിരേ രൂക്ഷവിമർശനവുമായി സഞ്ജീത് യാദവിന്റെ കുടുംബം രംഗത്തെത്തി.
‘എന്റെ സഹോദരനെ ജീവനോടെ തിരികെ എത്തിക്കാമെന്ന് പറഞ്ഞവർക്ക് അത് നിറവേറ്റാനായില്ല. അവരോട് ഞാൻ വീണ്ടും വിനീതമായി അപേക്ഷിക്കുകയാണ്. എന്റെ സഹോദരന്റെ മൃതദേഹമെങ്കിലും അവർ കണ്ടെത്തിത്തരണം. അവസാനമായി ആ കൈകളിൽ എനിക്ക് രാഖി കെട്ടണം’, സഹോദരി രുചി യാദവ് പറഞ്ഞു.
അതേസമയം സഞ്ജീതിന്റെ കൊലപാതകത്തിൽ കുടുംബത്തിന് പങ്കുണ്ടെന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ആരോപണത്തോട് അവർ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്.
ഒരുമാസം മുമ്പാണ് മെഡിക്കൽ ലാബ് ടെക്നീഷ്യനായ സഞ്ജീത് യാദവിനെ കാണാതായത്. തുടർന്ന് കുടുംബം പോലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. ഇതിനിടെ തട്ടിക്കൊണ്ടുപോയവർ മോചനദ്രവ്യമായി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു. സംഘത്തിന്റെ നിർദേശപ്രകാരം റെയിൽവേ മേൽപ്പാലത്തിൽനിന്ന് പണമടങ്ങിയ ബാഗ് താഴേക്ക് ഇട്ടുനൽകിയെന്നും പോലീസുകാരുടെ സാന്നിധ്യത്തിലാണ് പണം നൽകിയതെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാൽ തട്ടിക്കൊണ്ടുപോയ സഞ്ജീതിനെ മോചിപ്പിച്ചില്ല. പിന്നീട് സംഭവം വിവാദമായതോടെ സഞ്ജീതിനെ തട്ടിക്കൊണ്ടുപോയ സുഹൃത്തിനെയും സ്ത്രീയടക്കം മറ്റ് നാല് പേരെയും പോലീസ് പിടികൂടി. ഇവരെ ചോദ്യംചെയ്തപ്പോഴാണ് സഞ്ജീതിനെ കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ചെന്ന വിവരം ലഭിച്ചത്. അതിനിടെ, തട്ടിക്കൊണ്ടുപോയവർക്ക് പണം കൈമാറാൻ പോലീസുകാരും കൂട്ടുനിന്നെന്ന ആരോപണം വൻ വിവാദത്തിനിടയാക്കി. തുടർന്ന് 11 പോലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.
Post Your Comments