ആലപ്പുഴ • നാട് കാത്തു ഭരിക്കാൻ ജനം തിരഞ്ഞെടുത്തവർ തന്നെ സ്വർണക്കടത്തിന് കൂട്ടു നിന്ന് അതിലൂടെ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒത്താശ ചെയ്യുന്ന സ്ഥിതിയിലേക്ക് കേരളം മാറിയിരിക്കുന്നു എന്ന് ബി.ജെ.പി. ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ പറഞ്ഞു. ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്ന ഭീകര- തീവ്രവാദ പ്രവർത്തനങ്ങളുടെയും കള്ളക്കടത്തിന്റെയും ഉറവിടം അന്വേഷിച്ച് വരുമ്പോൾ അത് കേരളത്തിലാണ് എത്തിച്ചേരുന്നത് എന്നതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ കേട്ടുകേൾവി പോലും ഇല്ലാത്തതാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐ.ടി. സെക്രട്ടറിയുമായിരുന്ന ഉന്നത ചുമതലയുമുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥനെ മണിക്കൂറുകളോളം എൻ.ഐ.എ. ച്യോദ്യം ചെയ്തതും മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ തന്നെയുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളെ അറസ്റ്റ് ചെയ്തതും, എന്നിട്ടും മുഖ്യമന്ത്രി പറയുന്നു തന്റെ ഓഫീസിന് ബന്ധമില്ലെന്ന്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമില്ലാത്തത് മുഖ്യമന്ത്രിക്ക് മാത്രമാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണങ്ങളിൽ നിന്നും മനസിലാവുന്നത്.
അധികാര ദുർവിനിയോഗം ചെയ്ത് മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുകയാണ്. മുഖ്യമന്ത്രിയുടെ രാജിക്കായി കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് തന്നെ ബി.ജെ.പി. ശക്തമായ സമരമുഖങ്ങൾ വരും ദിനങ്ങളിൽ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് 10 ലക്ഷം പോസ്റ്റ് കാർഡ് അയക്കുന്ന പോസ്റ്റ് കാർഡ് ക്യാമ്പയിന്റെ ആലപ്പുഴ നിയോജക മണ്ഡലം തല ഉത്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയോജക മണ്ഡലം അധ്യക്ഷൻ സജി.പി. ദാസ് സമരത്തിന് നേതൃത്വം നൽകി.
മണ്ഡലം ജനറൽ സെക്രട്ടറിമാരായ ജി.മോഹനൻ, പി. കണ്ണൻ, വൈസ് പ്രസിഡണ്ട് എൻ.ഡി.കൈലാസ്, സെക്രട്ടറിമാരായ മുരളീധരൻ, വരുൺ എന്നിവർ സംസാരിച്ചു.
Post Your Comments