സ്വര്‍ണകടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച കൊച്ചിയില്‍ എത്താന്‍ നിര്‍ദ്ദേശിച്ചു കൊണ്ട് എന്‍ ഐ എ അദ്ദേഹത്തിന് നോട്ടീസ് നല്‍കി. കേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ക്കുന്നത് സംബന്ധിച്ച് എന്‍ ഐ എ നിയമോപദേശം തേടിയതായാണ് സൂചന. കസ്റ്റംസ് അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ എം ശിവശങ്കറിന് സ്വര്‍ണ്ണക്കടത്തില്‍ പങ്കില്ലെന്നും ശിവശങ്കറുമായി തനിക്ക് സൗഹൃദം മാത്രമാണുള്ളതെന്നും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം തിങ്കളാഴ്ച കൊച്ചി എന്‍ഐഎ ഓഫീസില്‍ ചോദ്യം ചെയ്യലിന് എത്താനിരിക്കെ ശിവശങ്കര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. ആകെ 16 പേരാണ് കേസില്‍ ഇതിനകം അറസ്റ്റിലായിട്ടുള്ളത്. ഇതില്‍ മൂന്ന് പേര്‍ക്കാണ് ശിവശങ്കറുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. സ്വപ്ന, സരിത്ത്, സന്ദീപ് എന്നിവര്‍ ഒഴികെയുള്ള കേസിലെ പ്രതികളുമായി ശിവശങ്കറിന് ബന്ധമുണ്ടായിരുന്നതായി ഇതുവരെ തെളിഞ്ഞിട്ടില്ല. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പൊലീസ് ക്ലബ്ബില്‍ വച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികളായ സ്വപ്ന സുരേഷും സരിത്തുമായി തനിക്ക് വ്യക്തിപരമായ സൗഹൃദം മാത്രമാണുള്ളതെന്ന് എം ശിവശങ്കര്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നത്.
അതേസമയം സ്വര്‍ണകടത്ത് നടത്തിയതിന് ശേഷം പ്രതികളെ സംരക്ഷിച്ചുവോ എന്ന കാര്യത്തില്‍ അന്വേഷണം തുടരുകയാണ്. ശിവശങ്കറിനെ കാണാന്‍ മറ്റ് പ്രതികള്‍ക്കൊപ്പം സെക്രട്ടറിയേറ്റില്‍ എത്തിയിരുന്നുവെന്നാണ് സരിത്ത് മൊഴി നല്‍കിയത്. എന്നാല്‍ ശിവശങ്കര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടെന്ന് തെളിയിക്കുകയോ, സ്വര്‍ണക്കടത്തിന് ശേഷം, പ്രതികളായവരെ സംരക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തു വെന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുകയുള്ളു. അല്ലെങ്കില്‍ അദ്ദേഹത്തെ സാക്ഷിയാക്കുന്ന കാര്യവും എന്‍ ഐ എ പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണ്ണം കടത്തിയത് കോണ്‍സുലേറ്റ് ജനറലിന്റെയും അറ്റാഷയുടെയും സഹായത്തോടെയാണെന്നാണ് സ്വപ്ന മൊഴി നല്‍കിയിരിക്കുന്നത്. കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് കടത്ത് തുടങ്ങിയത്. കോവിഡ് തുടങ്ങിയപ്പോള്‍ കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് അറ്റാഷെയെ കടത്തില്‍ പങ്കാളിയാക്കി. ഓരോ തവണ സ്വര്‍ണ്ണം കടത്തുമ്പോഴും കോണ്‍സുല്‍ ജനറലിനും അറ്റാഷെയ്ക്കും 1500 ഡോളര്‍ പ്രതിഫലം നല്‍കി എന്നും 2019 ജൂലൈ മുതല്‍ ജൂണ്‍ 30 വരെ 18 തവണ സ്വര്‍ണം കടത്തിയതായും സ്വപ്ന മൊഴിയില്‍ പറയുന്നു.
Post Your Comments