കൊവിഡ് പടരുമ്പോൾ മറ്റ് രോഗങ്ങൾക്ക് ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് വിദഗ്ദ്ധ ഡോക്ടർമാരുടെ ചികിത്സ തേടാൻ കഴിയുന്ന ഇ- സഞ്ജീവനിയെ സംസ്ഥാന സർക്കാർ പദ്ധതിയായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നതായി ബിജെപി പ്രവർത്തകൻ സന്ദീപ് വചസ്പതി. മൊഹാലിയിലെ സി-ഡാക് ആണ് ഈ ടെലിമെഡിസിൻ പദ്ധതി വികസിപ്പിച്ചെടുത്തത്. എന്നാൽ, അത് സംബന്ധിച്ച് കേരള സർക്കാർ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ കേന്ദ്ര പദ്ധതിയാണെന്ന കാര്യം എങ്ങു പറയുന്നില്ല എന്ന് മാത്രമല്ല തെറ്റിദ്ധരിപ്പിക്കാനായി കേരളാ സർക്കാരിന്റെ ലോഗോയും ചേർത്തിട്ടുണ്ട് എന്നും സന്ദീപ് വചസ്പതി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം……………………………….
ലോക്ഡൗണിൽ അകപ്പെട്ടിരിക്കുന്ന രാജ്യത്തെ ജനങ്ങളെ സഹായിക്കാൻ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതിയാണ് ഇ-സഞ്ജീവനി. വീടിന് പുറത്തിറങ്ങാതെ തന്നെ ഡോക്ടർമാരുടെ സേവനം സൗജന്യമായി ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. മൊഹാലിയിലെ സി-ഡാക് ആണ് ഈ ടെലിമെഡിസിൻ പദ്ധതി വികസിപ്പിച്ചെടുത്തത്. ശരാശരി രണ്ടര മിനിറ്റ് മാത്രം കാത്തിരുന്നാൽ ഇതുവഴി ഡോക്ടറുടെ സേവനം ഇപ്പോൾ ലഭ്യമാകുന്നുണ്ട്. ഓരോ സംസ്ഥാനങ്ങളിലും ലഭ്യമായ ഡോക്ടർമാരുടെ എണ്ണം, ടോക്കൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഓരോ മിനുറ്റിലും അപ്ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്.
ഇത്രയും സുതാര്യമായി നടത്തുന്ന പദ്ധതിയെപ്പറ്റി കേരള സർക്കാർ മലയാള പത്രങ്ങളിൽ നൽകിയിരിക്കുന്ന പരസ്യമാണ് ഇതോടൊപ്പം ചേർത്തിരിക്കുന്ന ആദ്യ ചിത്രം. സ്വന്തം കാര്യങ്ങൾ പുരപ്പുറത്ത് കയറി നിന്ന് വിളിച്ചു കൂവാൻ അത്യത്സാഹം കാണിക്കുന്ന അതേ സർക്കാർ തന്നെയാണ് ഈ നന്ദികേടും കാണിക്കുന്നത്. കേന്ദ്ര പദ്ധതിയാണെന്ന കാര്യം എങ്ങു പറയുന്നില്ല എന്ന് മാത്രമല്ല തെറ്റിദ്ധരിപ്പിക്കാനായി കേരളാ സർക്കാരിന്റെ ലോഗോയും ചേർത്തിട്ടുണ്ട്. ഈ പദ്ധതിയും പിണറായിയുടെ കരുതലിന്റെ ഭാഗമായി ഉണ്ടായതാണെന്ന് ആരെങ്കിലുമൊക്കെ തെറ്റിദ്ധരിക്കുന്നെങ്കിൽ അത്രയും നല്ലത് എന്ന കുബുദ്ധിയാണ് ഇതിന് പിന്നിൽ. ആരാന്റെ കുഞ്ഞിന്റെ പിതൃത്വം അവകാശപ്പെടുന്ന തരത്തിലുള്ള തരംതാണ പരിപാടിയായി പോയി ഇതെന്ന് പറയാതിരിക്കാൻ ആവില്ല.
………………………………………………………………………
വീട്ടിലിരുന്ന് ഡോക്ടർമാരുടെ സേവനം സൗജന്യമായി കിട്ടാൻ ഈ ലിങ്ക് സന്ദർശിക്കുക.https://www.esanjeevaniopd.in/Home
Post Your Comments