ജ്യോതിഷ ശാസ്ത്രമനുസരിച്ച് മേടം മുതല്‍ തുടങ്ങുന്ന പന്ത്രണ്ട് രാശികളില്‍ നാലാമത്തേതാണ് കര്‍ക്കിടകം. അത് മാതൃത്ത്വത്തിന്റെയും കുടുബത്തിന്റെയും പാരമ്പര്യത്തിന്റെയും രാശിയാണ്. കര്‍ക്കിടക രാശിയിലെ പുണര്‍തം നക്ഷത്രമാണ് ശ്രീരാമന്റെ നക്ഷത്രം. കഴിഞ്ഞ പതിനൊന്നു മാസത്തെ പ്രയത്നങ്ങള്‍ക്ക് ശേഷം ചിങ്ങം മുതല്‍ വരുന്ന പുതുവല്‍സരം വരവേല്‍ക്കാനും അതിനാവശ്യമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും ഉപയോഗപ്പെടുത്തുന്ന മാസം കൂടിയാണ് കര്‍ക്കിടകം. പണ്ട് ഇടവപ്പാതി തുടങ്ങി മിക്കപ്പോഴും കര്‍ക്കിടകമാസം വരെ മഴ തുടരാറുണ്ട്. അതിനാല്‍ കൃഷിക്കാര്‍ക്ക് വിശ്രമദിനങ്ങളായിരിക്കും. അതിനാലാണ് പഞ്ഞമാസം എന്ന പേര് വീണത്. ആ മാസം കൃഷിക്കാരും അദ്ധ്വാനിക്കുന്നവരും വിശ്രമിക്കാനും ചിങ്ങം മുതല്‍ വരുന്ന മാസങ്ങളില്‍ പ്രയത്നിക്കാനാവശ്യമായ ഊര്‍ജ്ജം സംഭരിക്കുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിപാലനത്തിനും ശ്രദ്ധിക്കുന്നു. പിതൃക്കളുടെ അയനമായ ദക്ഷിണായനവും തുടങ്ങുന്നത് കര്‍ക്കിടക മാസത്തിലാണ്. കൂടാതെ പൂര്‍വ്വികരെയും മണ്‍മറഞ്ഞ പിതൃക്കളെയും ഓര്‍മ്മിക്കാനായി കര്‍ക്കിടകവാവും വരുന്നതിനാല്‍ ഭക്തിയുടെയും പിതൃക്കള്‍ക്ക് ബലി നല്‍കി സ്വന്തം കടമ ചെയ്തതിന്റെയും ചാരിതാര്‍ത്ഥ്യവും അനുഭവിക്കുന്നു.
Post Your Comments