തിരുവനന്തപുരം : ജോലിക്കിടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കോവിഡ് ബാധിക്കുകയും ഡിപ്പോകള്‍ അടച്ചുപൂട്ടുകയും ചെയ്തതോടെ കെഎസ്ആര്‍ടിസി പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. സര്‍വീസുകളുടെ എണ്ണം ആയിരത്തിന് താഴെയായി ചുരുങ്ങിയതോടെ വരുമാനം അഞ്ചിലൊന്നായി കുറഞ്ഞു.
ഇതോടെ, ഡ്യൂട്ടി കിട്ടാതായതോടെ എംപാനല്‍ ജീവനക്കാരുടെ ജീവിതവും ദുരിതത്തിലായിരിക്കുകയാണ്. ആറുകോടി വരുമാനത്തിന്റെ സ്ഥാനത്ത് ഇപ്പോള്‍ നാല്‍പത്തിയെട്ട് ലക്ഷം രൂപയാണ് ലഭിക്കുന്നത്. അത്രയും രൂപയും ഡീസലടിച്ച പമ്പുകള്‍ക്ക് കൈമാറേണ്ടിവരും. ഒരു കിലോമീറ്ററില്‍ കിട്ടിയത് 21 രൂപ. ചൊവ്വാഴ്ചയിത് 19 രൂപയായി കുറഞ്ഞു.
ആകെയുള്ള 93 കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ 25 എണ്ണവും അടച്ചു. ഇതില്‍ ഇരുപതും തിരുവനന്തപുരത്താണ്. ആലുവ, തിരുവനന്തപുരം സെന്‍ട്രല്‍ വര്‍ക്ക്ഷോപ്പുകളും അടച്ചു. നാലായിരത്തോളം ബസുകളുള്ള കെഎസ്ആര്‍ടിസിയുടെ വെറും 962 എണ്ണം മാത്രമാണ് തിങ്കളാഴ്ച ഓടിയത്. വരുമാനമില്ലെങ്കിലും സര്‍ക്കാര്‍ സഹായം കൃത്യമായി ലഭിക്കുന്നതിനാല്‍ സ്ഥിര ജീവനക്കാരുടെ ശമ്പളത്തിന് തടസമുണ്ടാകില്ല. എന്നാല്‍ താല്‍ക്കാലിക ജീവനക്കാരുടെ കാര്യം പ്രതിസന്ധിയിലായിരിക്കുകയാണ്.
ഷെഡ്യൂളുകളുടെ എണ്ണം അഞ്ചിലൊന്നായി കുറഞ്ഞതോടെ താല്‍ക്കാലിക ജീവനക്കാര്‍ക്ക് ജോലിയേ ഇല്ലാതായിരിക്കുകയാണ്. ലോക്ഡൗണ്‍ കാലത്ത് എംപാനല്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളവും കൊടുക്കാനായിരുന്നു നിര്‍ദേശമെങ്കിലും ഇപ്പോള്‍ ചെയ്യുന്ന ഡ്യൂട്ടിക്ക് ശമ്പളം കൊടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
Post Your Comments