ന്യൂഡല്‍ഹി : സൈന്യത്തിലുള്ള വനിതകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി സൈന്യവും കേന്ദ്രവും. സേനയില്‍ സ്ത്രീകളെ സ്ഥിരം കമ്മിഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചതായി സൈന്യം. വനിതാ ഓഫിസര്‍മാര്‍ക്ക് കൂടുതല്‍ വലിയ ചുമതലകള്‍ ലഭിക്കുന്നതിന് ഇതു വഴിയൊരുക്കുമെന്നു സൈനിക വക്താവ് കേണല്‍ അമന്‍ ആനന്ദ് പ്രതികരിച്ചു. ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് (എസ്എസ്‌സി) വനിതാ ഉദ്യോഗസ്ഥരെ സൈന്യത്തിന്റെ പത്ത് ശാഖകളിലേക്കും നിയമിക്കാമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ആര്‍മി എയര്‍ ഡിഫന്‍സ്, സിഗ്‌നല്‍, എന്‍ജിനീയര്‍മാര്‍, ആര്‍മി ഏവിയേഷന്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാര്‍, ആര്‍മി സര്‍വീസ് കോര്‍, ഇന്റലിജന്‍സ് കോര്‍ എന്നിവയ്‌ക്കൊപ്പം നിലവിലുള്ള ശാഖകളായ ജഡ്ജ് ആന്‍ഡ് അഡ്വക്കറ്റ് ജനറല്‍, ആര്‍മി എജ്യുക്കേഷനല്‍ കോര്‍ എന്നിവിടങ്ങളിലാണു നിയമനം. വനിതകള്‍ക്കായുള്ള പെര്‍മനന്റ് കമ്മിഷന്‍ സിലക്ഷന്‍ ബോര്‍ഡിന്റെ തയാറെടുപ്പുകള്‍ സൈന്യം നേരത്തെ ആരംഭിച്ചിരുന്നു.
സൈന്യത്തില്‍ വനിതകളെ സ്ഥിരം കമ്മിഷന്‍ഡ് ഉദ്യോഗസ്ഥരായി നിയമിക്കണമെന്ന് സുപ്രീം കോടതി കഴിഞ്ഞ ഫെബ്രുവരിയിലാണു ഉത്തരവിട്ടത്.
Post Your Comments