പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരപുത്രന്‍മാരിലൊരാളാണ് പ്രണവ് മോഹന്‍ലാല്‍. മോഹന്‍ലാലിനും സുചിത്രയ്ക്കുമൊപ്പം ചെന്നൈയിലാണ് പ്രണവ് ഇപ്പോള്‍. അടുത്തിടെയായിരുന്നു താരപുത്രന്‍ 30ാം പിറന്നാളാഘോഷിച്ചത്. മോഹന്‍ലാലും സുഹൃത്തുക്കളുമെല്ലാം ചേര്‍ന്ന് അപ്പുവിന് സര്‍പ്രൈസൊരുക്കിയിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പ്രണവിന്റെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ് ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്തുവന്നത്.
മോഹന്‍ലാലിന് പിന്നാലെയായാണ് പ്രണവ് മോഹന്‍ലാലും സിനിമയിലെത്തിയത്. കുട്ടിക്കാലത്ത് നാടകത്തില്‍ അഭിനയിച്ചിരുന്നുവെങ്കിലും ഭാവിയില്‍ നായകനായി മാറുമെന്ന് അപ്പുവിന് പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം അപ്പുവിന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു. പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു താരപുത്രന്‍. ഒന്നാമനെന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാല വേഷം അവതരിപ്പിച്ചത് പ്രണവായിരുന്നു.
മുന്‍നിര സംവിധായകരും ബാനറുകളുമെല്ലാം പ്രണവ് മോഹന്‍ലാലിന്റെ ഡേറ്റിനായി കാത്തിരുന്നിട്ടും അതിലായിരുന്നില്ല അദ്ദേഹം ശ്രദ്ധിച്ചത്. അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിക്കാനായിരുന്നു പ്രണവ് ആദ്യം താല്‍പര്യപ്പെട്ടത്. ജീത്തു ജോസഫിനൊപ്പമായിരുന്നു പ്രവര്‍ത്തിച്ചത്. സെറ്റില്‍ എല്ലാവരേയും പോലെ ഒരാളായിരുന്നു പ്രണവും. ജോലി ചെയ്തതിന് ശേഷം സഹപ്രവര്‍ത്തകര്‍ക്കൊപ്പം താമസിക്കാനും അവരെ സഹായിക്കാനുമെല്ലാമായി പ്രണവ് മുന്നിലുണ്ടായിരുന്നു. അപ്പുവിലെ അഭിനേതാവിനെക്കുറിച്ച് ജീത്തു ജോസഫിന് അന്നേ ബോധ്യമുണ്ടായിരുന്നു.
ആദിയെന്ന ചിത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അഭിനയിക്കാന്‍ സമ്മതിച്ചിരുന്നില്ല പ്രണവ്. മോഹന്‍ലാലുള്‍പ്പടെയുള്ളവരുടെ നിര്‍ബന്ധത്തെത്തുടര്‍ന്നായിരുന്നു സമ്മതം മൂളിയത്. റൊമാന്റിക് രംഗങ്ങളില്‍ എങ്ങനെയായിരിക്കും തന്റെ പ്രകടനമെന്ന കാര്യത്തില്‍ താരപുത്രന് ആധിയായിരുന്നു. ഇത് മനസ്സിലാക്കിയ ജീത്തു ജോസഫാവട്ടെ നായികാപ്രാധാന്യമില്ലാതെയാണ് ചിത്രമൊരുക്കിയത്. അസാധ്യ അഭിനയ മികവെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ആക്ഷന്‍ രംഗങ്ങളിലെ മികവിനായിരുന്നു കൈയ്യടി ലഭിച്ചത്.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനിടയിലായിരുന്നു ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. ആദ്യ ചിത്രം മുതലേ മോഹന്‍ലാല്‍ മകന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. മോഹന്‍ലാലായാണ് ആദിയില്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ കുഞ്ഞാലി മരക്കാറില്‍ ഇരുവരും വേറിട്ട ഗെറ്റപ്പുകളിലായാണ് എത്തിയത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചരിത്ര സിനിമ മാര്‍ച്ചില്‍ തിയേറ്ററുകളിലേക്ക് എത്തേണ്ടതായിരുന്നു. അപ്രതീക്ഷിത പ്രതിസന്ധിയെത്തുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു.
Post Your Comments