കൊച്ചി: കോവിഡ് പ്രതിസന്ധി സൃഷ്ടിച്ച വരുമാന നഷ്ടവും തൊഴില്‍ പ്രതിസന്ധിയും, പട്ടിണിയും മുന്നോട്ടുള്ള ജീവിതത്തില്‍ വലിയ ചോദ്യം ചിഹ്നമായി മാറിയ സാധാരണക്കാരായ ജനങ്ങളുടെ എണ്ണം ഏറി വരികയാണ്. അര്‍ഹരായവരെ കണ്ടെത്തി എല്ലാ പിന്തുണയും നല്‍കുന്ന സഹജീവികളുടെ കാരുണ്യവും സേവനങ്ങളുമാണ് കോവിഡ് ദുരിതത്തിലായ ഇവര്‍ക്ക് കൈത്താങ്ങ്. ഇത്തരത്തില്‍ ഒരു പഞ്ചായത്തിലെ എല്ലാ കുടുംബങ്ങള്‍ക്കും സമാനതകളില്ലാത്ത പിന്തുണ നല്‍കി വേറിട്ട മാതൃക സൃഷ്ടിച്ചിരിക്കുകയാണ് കിഴക്കമ്പലത്തെ ട്വന്റി20 കൂട്ടായ്മ. വിപണി വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് സാധാരണക്കാര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തുടക്കമിട്ട ട്വന്റി20 ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റില്‍ വറുതിയുടെ ഈ കോവിഡ് കാലത്ത് ഭക്ഷ്യ വസ്തുക്കള്‍ക്ക് 80 ശതമാനം വരെ വിലക്കുറവിലാണ് വില്‍പ്പന.
മറ്റെവിടേയും ലഭിക്കാത്ത ഈ വിലക്കുറവ് ഒരു മാസത്തിനിടെ പഞ്ചായത്തിലെ നിരവധി കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമായിട്ടുണ്ട്. അരിയും പഞ്ചസാരയും പാലും പച്ചക്കറികളും പത്തു രൂപയ്ക്കു താഴെ വിലയില്‍ ഇവിടെ ലഭിക്കും. പൊതുവിപണിയില്‍ 58 രൂപയോളം വില വരുന്ന മുന്തിയ ഇനം മട്ട അരി ഇവിടെ 11.60 രൂപ മാത്രം. 43 രൂപ വിലയുള്ള എക്‌സ്‌പോര്‍ട് ക്വാളിറ്റി വടി അരിക്ക് കിലോ 8.40 രൂപ. 25 രൂപയുടെ ഒരു പാക്കറ്റ് പാലിന് വെറും അഞ്ചു രൂപ! ലീറ്ററിന് ഇരുനൂറിലേറെ രൂപ വില വരുന്ന വെളിച്ചെണ്ണ വെറും 44 രൂപയ്ക്കും ഇവിടെ ലഭിക്കും.
തുടക്കകാലം മുതല്‍ തന്നെ എല്ലാ ഭക്ഷ്യവസ്തുക്കളും വിപണി വിലയുടെ 50 ശതമാനം നിരക്കില്‍ ഇവിടെ കിഴക്കമ്പലത്തുകാര്‍ക്കായി ലഭ്യമാണ്. പഞ്ചായത്തിലെ കുടുംബങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ച് അവര്‍ക്ക് പ്രത്യേകം കാര്‍ഡ് ഏര്‍പ്പെടുത്തിയാണ് ഈ ഇളവു നല്‍കി വരുന്നത്. എന്നാല്‍ ലോക്ഡൗണ്‍ ആതോടെ തൊഴില്‍ നഷ്ടവും വരുമാനമില്ലാതായതും ഉള്‍പ്പെടെ അപ്രതീക്ഷിതമായ പല പ്രതിസന്ധികളും നിരവധി കുടുംബങ്ങളെ അലട്ടിയപ്പോഴാണ് കനിവിന്റെ ഉദാത്ത മാതൃകയായി ട്വന്റി20 കൂട്ടായ്മ പഞ്ചായത്തു നിവാസികളുടെ സാമ്പത്തിക പശ്ചാത്തലം നോക്കാതെ എല്ലാവര്‍ക്കും 80 ശതമാനം വരെ നിരക്കിളവില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ആരംഭിച്ചത്. ട്വന്റ്20 ന്ല്‍കുന്ന കാര്‍ഡുള്ളവര്‍ക്കെ ഇവിടെ നിന്നും വസ്തുക്കള്‍ വാങ്ങാന്‍ കഴിയൂ. മാര്‍ച്ച് മാസത്തിനു ശേഷം പുതുതായി കാര്‍ഡ് എടുത്തവര്‍ക്ക് 60 ശതമാനം വിലക്കുറവെ ലഭിക്കൂ. അതിനു മുമ്പുള്ള എല്ലാ കാര്‍ഡ് ഉടമകള്‍ക്കും 80 ശതമാനം വരെ വിലക്കുറവ് നല്‍കി വരുന്നു.
കോവിഡ് പ്രതിസന്ധി വീണ്ടും രൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ലോക്ഡൗണ്‍ ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് കിഴക്കമ്പലത്തുകാര്‍ക്ക് നല്‍കുന്നത് ചില്ലറ ആശ്വാസമല്ല. ഭാവിയില്‍ ഈ ഭക്ഷ്യസുരക്ഷാ പദ്ധതി സമീപത്തെ മൂന്ന് പഞ്ചായത്തുകളിലേക്കു കൂടി വ്യാപിപിക്കാനിരിക്കുകയാണ് ട്വന്റി 20 കൂട്ടായ്മ. ഇതിനായുള്ള പ്രാരംഭ നടപടികള്‍ തുടങ്ങിയിട്ടുമുണ്ട്.
Post Your Comments